വിവാദങ്ങളിൽ തൊട്ടില്ല; കാഷ്മീരിൽ മുങ്ങി ദേശീയ കൗൺസിൽ സമാപിച്ചു
വിവാദങ്ങളിൽ തൊട്ടില്ല; കാഷ്മീരിൽ മുങ്ങി ദേശീയ കൗൺസിൽ സമാപിച്ചു
Sunday, September 25, 2016 1:18 PM IST
സ്വന്തം ലേഖകൻ

കോഴിക്കോട്: വിവാദവിഷയങ്ങളിൽ തൊടാതെ കാഷ്മീർ പ്രശ്നത്തിൽ മാത്രം ഊന്നി ബിജെപി ദേശീയ കൗൺസിൽയോഗം. ഇന്നലെ സമാപിച്ച ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ ഉറി ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഒരേയൊരു പ്രമേയമാണ് അവതരിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ പാക്കിസ്‌ഥാനെതിരേയുള്ള പ്രസംഗത്തിന്റെ തീവ്രത മുഴുവൻ ഉൾക്കൊള്ളിച്ചുകൊണ്ടാണ് രണ്ടുപേജുള്ള പ്രമേയം ദേശീയ അധ്യക്ഷൻ അമിത് ഷാ അവതരിപ്പിച്ചത്.

അതേസമയം ദളിത് പീഡനം, ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമം, തുടങ്ങി കേന്ദ്രസർക്കാർ പ്രതിക്കൂട്ടിലായ വിഷയങ്ങളിൽ കാര്യപ്പെട്ട ചർച്ച ഉണ്ടായില്ല. കാഷ്മീർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി സമയം ഏറെ ചെലവഴിച്ചതിനാൽ തന്നെ മറ്റുകാര്യങ്ങൾ അജൻഡയായി കൗൺസിലിനു മുന്നിൽ എത്തിയില്ല. എന്നും പാവപ്പെട്ടവർക്കൊപ്പം നിന്ന ദീൻ ദയാൽ ഉപധ്യായയുടെ ജൻമ ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ, ഈ വർഷം പിന്നോക്കവിഭാഗത്തിൽപ്പെട്ടവർക്കും പാവപ്പെട്ടവർക്കുമായുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകുകയും ചെയ്തു.

അമിത്ഷാ അവതരിപ്പിച്ച പ്രത്യേക പ്രമേയത്തിൽ പാക്കിസ്‌ഥാനെതിരേ കടുത്ത വിമർശനമാണുള്ളത്. ഭീകരവാദം ഏതെങ്കിലും ഒരു രാജ്യത്തിന്റെ പിന്തുണയോടെ ആണ് നടക്കുന്നതെങ്കിൽ അതിനെ യുദ്ധക്കുറ്റമായേ കാണാൻ പറ്റുകയുള്ളു. പാക്കിസ്‌ഥാൻ ഭീകരവാദത്തെ പരസ്യമായി പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ്. വളരെ നാളായി ഇന്ത്യ പാക്കിസ്‌ഥാന്റെ ഈ ദുർവ്യവസ്‌ഥിതിയുടെ ഇരയാണ്. ഒന്നര ദശാബ്ദമായി ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾക്ക് ഇരയായിക്കൊണ്ടിരിക്കുന്നു. ഉറി ആക്രമണത്തിന് പുറമെ കാഷ്മീരിൽ അടുത്തിടെ നടന്ന വിഘടനവാദ സമര വും പാക്കിസ്‌ഥാന്റെ പിന്തുണയോടെയാണ്. ഇത്തരം ആക്രമണങ്ങൾക്കെതിരെ ശക്‌തമായ തിരിച്ചടി നൽകണം.

പാക്കിസ്‌ഥാൻ ലോകത്ത് പരസ്യമായി ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നവാസ് ഷരീഫ് യുഎന്നിൽ നടത്തിയ പ്രസംഗം വിളിച്ചോതുന്നു. ഐക്യരാഷ്ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ സംഘടനയുടെ ഒരു പ്രവർത്തകനെ നവാസ് ഷരീഫ് “സാധു മനുഷ്യൻ’ എന്നാണ് ന്യായീകരിച്ചത്. ലോകരാഷ്ട്രങ്ങൾ അതിശയത്തോടെയാണ് ഇത് ശ്രവിച്ചത്. പാക്കിസ്‌ഥാൻ ബജറ്റിൽ വലിയ തോതിൽ പണം ഭീകര പരിശീലനത്തിനും മറ്റും നീക്കിവച്ച ശേഷം, ഇത്തരം ഭീകരരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ്. ഉറി ഭീകരാക്രമണത്തിന് ഒത്താശ ചെയ്ത രാജ്യത്തോട് ഇന്ത്യയിലെ ജനങ്ങൾക്ക് കടുത്ത രോഷമുണ്ട്. ഇത് വെറുമൊരു രോഷമല്ല. മറിച്ച് നമ്മുടെ അയൽരാജ്യം നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ പ്രവൃത്തിയോടുള്ള എതിർപ്പാണ്. ഭീകരവാദത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് ബിജെപിക്കുള്ളത്.

കഴിഞ്ഞ എട്ടു മാസത്തിനിടെ 117 ഭീകരവാദികളെ കൊന്നൊടുക്കാൻ കഴിഞ്ഞു. 17 തവണ അതിർത്തികടക്കാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തി. ഈ തോൽവിയിലെ നിരാശയിൽ നിന്നാണ് ഉറി ആക്രമണമുണ്ടായത്. ഉറി സംഭവത്തെത്തുടർന്നു കേന്ദ്ര സർക്കാർ നടത്തിയ നീക്കങ്ങൾക്ക് ഫലമുണ്ടായി. പാക്കിസ്‌ഥാന്റെ യഥാർഥ മുഖം അന്താരാഷ്ട്ര തലത്തിൽ തുറന്നുകാട്ടാൻ ഇന്ത്യക്കായി.

പാക്കിസ്‌ഥാനുമായി എത്ര നീണ്ട യുദ്ധമുണ്ടായാലും അന്തിമ വിജയം ഇന്ത്യക്കായിരിക്കുമെന്നും ബിജെപി സർക്കാരിനും ജവാൻമാർക്കും ആയിരിക്കുമെന്നും പ്രമേയം പറയുന്നു. നിറഞ്ഞ കൈയടിയോടെയാണ് കൗൺസിൽ അംഗങ്ങൾ പ്രമേയം പാസാക്കിയത്. ഇന്നലെ രാവിലെ ആരംഭിച്ച കൗൺസിൽ വൈകുന്നേരം 4.35–ന് സമാപിച്ചു. പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗത്തോടെയായിരുന്നു സമ്മേളന നടപടികൾ അവസാനിച്ചത്. സമ്മേളനം കഴിഞ്ഞയുടനെ പ്രധാനമന്ത്രി വേദിവിടുകയും ചെയ്തു.


കേരള വികസനം: ദർശനരേഖ പ്രധാനമന്ത്രിക്ക് നൽകി

കോഴിക്കോട്: കേരളത്തിന്റെ വികനത്തിനായി നടപ്പാക്കേണ്ട പദ്ധതികളടങ്ങിയ സമഗ്ര ദർശനരേഖ ബിജെപി കേരള ഘടകത്തിനു വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ചു. കേന്ദ്ര, സംസ്‌ഥാന സർക്കാരുകളുടെ സഹകരണത്തോടെയും ആവശ്യമെങ്കിൽ സ്വകാര്യസംരംഭകരുടെ സഹായത്തോടെയും കേരളത്തിൽ മുൻഗണനാക്രമത്തിൽ നടപ്പാക്കേണ്ട ഇരുപത് പദ്ധതികളുടെ പട്ടികയും പ്രധാനമന്ത്രിക്ക് നൽകി. സി.വി. ആനന്ദബോസ്, ജെയിംസ് ജോസഫ്, ജി.സി. ഗോപാലപിള്ള, ഹരി എസ്. കർത്താ, ആർ.എസ്. നായർ (കൺവീനർ) എന്നിവരാണ് ദർശനരേഖ പ്രധാനമന്ത്രിക്ക് കൈമാറിയത്. ഐഎസ്ആർഒ മുൻ ചെയർമാൻ ജി. മാധവൻ നായർ, മുൻ വൈസ് ചാൻസലർ വി.എൻ. രാജശേഖരൻപിള്ള എന്നിവരാണ് ദർശനരേഖ തയ്യാറാക്കിയത്.

കോവളം മുതൽ കാസർഗോഡ് വരെയുള്ള സ്മാർട്ട് വാട്ടർ ഹൈവേ, ആഗോള ആയുർവേദ മിഷൻ, ആറന്മുള കേന്ദ്രീകരിച്ച് പൈതൃകഗ്രാമം, പ്രധാനമന്ത്രിയുടെ ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി ‘മേക്ക് ഇൻ കേരള’ വ്യവസായ പാർക്കുകളുടെ ശൃംഖല, വിനോദസഞ്ചാരവികസനത്തിനായി സംസ്‌ഥാനത്തെ പുണ്യനദികളേയും പുണ്യസ്‌ഥലങ്ങളേയും ചരിത്രസ്‌ഥലങ്ങളേയും ബന്ധപ്പെടുത്തി ഗ്രേറ്റ് കേരള ഹെറിറ്റേജ് ട്രെയിൻ, പമ്പാ ആക്ഷൻ പ്ലാനിനു പുറമേ ഭാരതപ്പുഴയും പെരിയാറും പുനരുജ്‌ജീവിപ്പിക്കാനുള്ള കർമപദ്ധതി, ലോക നിലവാരത്തിലുള്ള നഴ്സസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, അഭ്യസ്തവിദ്യരായ യുവാക്കൾക്കായി നൈപുണ്യ വികസന പരിപാടി, തിരുവനന്തപുരത്തെ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റി കാമ്പസിന്റെയും കൊല്ലത്തെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി കാമ്പസിന്റെയും പ്രവർത്തനം പുനരാരംഭിക്കുക തുടങ്ങിയവയാണ് പ്രധാനമന്ത്രിയുടെ പരിഗണനയ്ക്കായി സമർപ്പിച്ചത്.

പ്രധാനമന്ത്രിക്ക് ഒരുക്കിയത് വിഭവസമൃദ്ധമായ കേരള സദ്യ

കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ സമ്മേളനത്തിനായി കോഴിക്കോട്ടെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരുക്കിയത് വിഭവസമൃദ്ധമായ ഭക്ഷണം. ദോശ, ഇഡ്ഡലി, തേങ്ങാച്ചട്ണി, തക്കാളിച്ചട്ണി, ഉത്തരേന്ത്യൻ വിഭവമായ പോഹ (അവൽ കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവ് പോലുള്ള വിഭവം) തുടങ്ങിയവയാണ് പ്രാതലിനൊരുക്കിയത്.

ഉച്ചയ്ക്ക് 25 കൂട്ടം കറികളും നാലുവിധം പായസങ്ങളും അടങ്ങിയ സദ്യ. നാരങ്ങാക്കറി, മാങ്ങാപച്ചടി, ഇഞ്ചി പച്ചടി, പൈനാപ്പിൾ പച്ചടി, പാവയ്ക്ക കിച്ചടി, ഓലൻ, തോരൻ, കൂട്ടുകറി, അവിയൽ, പരിപ്പ്, കൊണ്ടാട്ടങ്ങൾ, സാമ്പാറ്, നെയ്യ്, കട്ടത്തൈര്, സംഭാരം, രസം, പപ്പടം, പഴം, ചക്കവറുത്തത്, കായവറുത്തത്, ശർക്കരവരട്ടി, ചേന എരിശേരി, ചമ്മന്തിപ്പൊടി, ബീറ്റ് റൂട്ട് കിച്ചടി, വെള്ളരിക്ക കിച്ചടി എന്നിവയാണ് തൂശനിലയിൽ വിളമ്പിയത്. കുത്തരിച്ചോറ്, ബസുമതി ചോറ്, നാരങ്ങാസാദം, പച്ചരിച്ചോറ് എന്നിങ്ങനെ നാലു തരം ചോറുമുണ്ടായിരുന്നു.

എൻഡിഎ യോഗം ഇന്ന്

കോഴിക്കോട്: എൻഡിഎ യോഗം ഇന്ന് രാവിലെ ഒമ്പതിന് കടവ് റിസോർട്ടിൽ നടക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ പങ്കെടുക്കും. ബിജെപി ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎൽ. സന്തോഷ്, സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ഒ. രാജഗോപാൽ എംഎൽഎ, പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി (ബിഡിജെഎസ്), സി.കെ. ജാനു (ജനാധിപത്യ രാഷ്ട്രീയ സഭ), രാജൻബാബു (ജെഎസ്എസ്), പി.സി. തോമസ് (കേരള കോൺഗ്രസ്), എം. മെഹബൂബ് (എൽജെപി), കുരുവിള മാത്യു (നാഷണലിസ്റ്റ് കേരള കോൺഗ്രസ്), പ്രേമാനന്ദൻ (എൻഡിപി), ജോയ് (സോഷ്യലിസ്റ്റ് കേരള കോൺഗ്രസ്), കെ.കെ. പൊന്നപ്പൻ (പിഎസ്പി) തുടങ്ങിയവർ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.