പണം അമിതമായാൽ...
പണം അമിതമായാൽ...
Sunday, September 25, 2016 1:03 PM IST
കരിനിഴൽ വീഴുന്ന യുവത്വം / ടോം ജോർജ്–7

അപ്പനും അമ്മയും വിദേശത്തായിരുന്നതിനാൽ ഹോസ്റ്റലിലായിരുന്നു സോബിൻ വളർന്നത്. തങ്ങൾ അടുത്തില്ലാത്തതിന്റെ കുറവ് മകനുണ്ടാകാതിരിക്കാൻ മാസംതോറും ആവശ്യത്തിനു പോക്കറ്റ്മണി അവന്റെ അക്കൗണ്ടിലെത്തുമായിരുന്നു. മകൻ പ്ലസ് വണ്ണിലായപ്പോൾ മാതാപിതാക്കൾ നാട്ടിലെത്തി. ഇവർ പുതുതായി നിർമിച്ച കൊട്ടാരംപോലത്തെ വീട്ടിലേക്ക് സോബിനും മാറി. അപ്പനും അമ്മയും അടുത്തുള്ളതിനാൽ സോബിന്റെ അക്കൗണ്ടിലേക്കുള്ള പണം വരവു നിലച്ചു.

ഇവർ അയച്ചുകൊടുത്ത പണമുപയോഗിച്ച് മകൻ മയക്കുമരുന്നുപയോഗം തുടങ്ങിയിരുന്നു. ദിവസവും 1000 രൂപ മാതാപിതാക്കൾ നൽകിയില്ലെങ്കിൽ സോബിൻ വീട്ടുസാധനങ്ങൾ തച്ചുടയ്ക്കും.

മാതാപിതാക്കളെ കൈയേറ്റം ചെയ്യുന്നതുവരെയെത്തി കാര്യങ്ങൾ. ഒരുദിവസം റോഡിനരികിലെ ബാങ്കിനുമുന്നിലിരുന്ന് മയക്കുമരുന്ന് ശരീരത്തു കുത്തിവയ്ക്കുന്ന തിനിടെ പോലീസ് പിടിയിലായി. നാട്ടിൽ അറിയപ്പെടുന്ന കുടുംബത്തിലെ കാരണവർക്കു സ്റ്റേഷനിൽ പോകേണ്ട ഗതികേട് വീട്ടുകാർക്ക് താങ്ങാവുന്നതിലധികമായിരുന്നു.

മാധ്യമങ്ങൾ കുട്ടികളെ സ്വാധീനിക്കുന്നു ണ്ട്. മാതാപിതാക്കൾ പറയുന്നതിലും വേഗം മാധ്യമങ്ങൾ പറയുന്നത് കുട്ടികൾ അനുസരിക്കും. കുട്ടികളെ വഴിതെറ്റിക്കാനും ഉപദേശിക്കാനും ഏറ്റവും നല്ല മാർഗം മാധ്യമങ്ങളാണ്.

ലഹരി ജലമാർഗവും

റോഡുകളിൽ പോലീസിന്റെ ശല്യമുള്ളതിനാൽ ജലമാർഗവും കഞ്ചാവെത്തുന്നുണ്ട്. കായലുകളിൽ വള്ളങ്ങളിലെത്തുന്ന കഞ്ചാവ് വലിക്കാൻ എത്തുന്നവരുടെ എണ്ണം വർധിക്കുകയാണ്. കായൽയാത്ര എന്നുപറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിച്ച ശേഷമാണ് കഞ്ചാവുവലിക്കാൻ ഇവർ വള്ളങ്ങളിൽ പുറപ്പെടുന്നത്. നടുക്കായലിൽ വച്ച് പൊതികൈമാറും. വള്ളത്തിൽ തന്നെയിരുന്ന് വലിക്കും.

കൂട്ടുകാരായി മുതിർന്നവർ

അഞ്ചാംക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ ഉത്തമ സുഹൃത്തായി ബിരുദവിദ്യാർഥി എത്തേണ്ട കാര്യമുണ്ടോ? സ്കൂൾ വിടുന്ന സമയം ഇവർ വരുന്നതും കാത്ത് ബിരുദവിദ്യാർഥി നിൽക്കേണ്ട കാര്യമുണ്ടോ? ഇല്ല. ഇത്തരം ചങ്ങാത്തങ്ങളും കാത്തു നിൽപ്പുകളും കുട്ടികളെ അപകടപ്പെടുത്തുമെന്ന് മാതാപിതാക്കളറിയണം.

കുട്ടികളിലേക്കു കഞ്ചാവ് എത്തുന്നതും അവർ സ്കൂളിലെ വിൽപനക്കാരാകുന്നതുമെല്ലാം ഇത്തരം കൂട്ടുകെട്ടുകളിലൂടെയാണെന്ന് ആന്റി നാർക്കോട്ടിക് സെൽ പറയുന്നു.


വൈകുന്നേരങ്ങളിൽ ട്യൂഷൻ എന്നും പറഞ്ഞ് ഇത്തരത്തിലെത്തുന്ന ചേട്ടൻമാരുമായി പോകുന്നകുട്ടികൾ ട്യൂഷൻ കഴിയുന്ന സമയം നോക്കി വീട്ടിലെത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത്തരം ബന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല. ഇതു തടയാൻ സ്കൂൾ വിടുന്ന സമയം പുറത്ത് അധ്യാപരുടെ നിരീക്ഷണം ശക്‌തമാക്കാം.

കുട്ടികൾ എന്തു പറയുന്നു

മയക്കുമരുന്നിനും കഞ്ചാവിനും കുട്ടികൾ വേഗം അടിപ്പെടുകയാണെന്ന് പാലക്കാട് മേഴ്സി കോളജിലെ കൗൺസിലിംഗ് സൈക്കോളജിസ്റ്റ് മേഴ്സി തോമസ്. ഇതെന്തുകൊണ്ടെന്ന് അവരുടെ ഇടയിൽ തന്നെ ഒരു പഠനം നടത്തി. ലഭിച്ച ഉത്തരങ്ങൾ ഇവയായിരുന്നു.

1. തങ്ങൾക്ക് വൈകാരിത പക്വതയില്ല. വേഗം വികാരങ്ങൾക്കടിപ്പെടുന്ന സ്വഭാവം നിയന്ത്രിക്കാൻ കഴിയുന്നില്ല.

2. മറ്റു കുട്ടികൾ ഉപയോഗിക്കുന്ന കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അനുഭവം എന്തെന്നറിയാനുള്ള ആഗ്രഹത്തിലാണു പലരും ആദ്യം ഇതുപയോഗിക്കുന്നത്. പിന്നീട് ഇതിന് അടിമയാകുന്നു.

3. എല്ലായിടത്തും ഇത് ലഭ്യമാണ്, അതിനാൽ അടുത്തു ലഭ്യമായ ലഹരി ഉപയോഗിക്കുന്നു.

4. സിനിമയുൾപ്പെടെ പല മാധ്യമങ്ങളിലും ഇതുപയോഗിക്കുന്ന സീനുകൾ കാണുമ്പോൾ ഇത്തരത്തിൽ ചെയ്തു നോക്കാൻ തോന്നുന്നു.

5. ആസ്വദിക്കാനുള്ളതാണ് ജീവിതം അത്തരത്തിൽ കഴിച്ചുപോകുന്നതാണ്.

6. കൂട്ടുകാരുടെ കൂടെ ചേരാൻ, അവർ നിർബന്ധിക്കുമ്പോൾ കഴിക്കുന്നു.

7.മക്കളുടെ കണ്ണിൽ നോക്കി ഒന്നു സംസാരിക്കാൻപോലും അച്ഛനും അമ്മയ്ക്കും നേരമില്ല. ഇവർ എപ്പോഴും മൊബൈൽ ഫോണിലാണ്. ജീവിതത്തിൽ സ്നേഹം കിട്ടാതാകുമ്പോൾ ആരും അതു കിട്ടുന്നിടത്തേക്കും ചായും. ആരുമില്ലെന്ന തോന്നലും യുവത്വത്തെ വല്ലാതെ അലട്ടുന്നു.

കുട്ടികളുടെ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് മാതാപിതാക്കൾക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. സ്നേഹിക്കുന്ന അപ്പനേയും അമ്മയേയും കുട്ടികൾക്ക് അത്രവേഗം തള്ളിപ്പറയാനാവില്ല. സ്നേഹം നൽകുകയും തെറ്റുകളിൽ അമിത കുറ്റപ്പെടുത്തലുകളിലേക്കു പോകാതെ സൗമ്യമായ തിരുത്തലുകൾ നൽകിയും മയക്കുമരുന്നിലേക്കുള്ള ആദ്യ ചുവടുവെപ്പു തടയാം. പെട്ടുപോയാൽ ഏറെ കഷ്‌ടപ്പെടേണ്ടിവരും സാധാരണ ജീവിതത്തിലേക്കെത്താൻ എന്നും ഓർക്കുക.

(അവസാനിച്ചു)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.