എല്ലാം ശരിയാകുമെന്നു പറഞ്ഞവർ ജനങ്ങളെ കബളിപ്പിക്കരുത്: ഡോ. സൂസപാക്യം
എല്ലാം ശരിയാകുമെന്നു പറഞ്ഞവർ ജനങ്ങളെ കബളിപ്പിക്കരുത്: ഡോ. സൂസപാക്യം
Sunday, September 25, 2016 1:03 PM IST
കണ്ണൂർ: എല്ലാം ശരിയാകും, കാണാത്തതു ലഭിക്കും എന്നൊക്കെ വാഗ്ദാനം നൽകിയവർ പിന്നോട്ടുപോയി ജനങ്ങളെ കബളിപ്പിക്കരുതെന്നു കെആർഎൽസിബിസി പ്രസിഡന്റും തിരുവനന്തപുരം ആർച്ച്ബിഷപ്പുമായ ഡോ. സൂസപാക്യം. കേരള ലത്തീൻ കത്തോലിക്ക അല്മായ ശുശ്രൂഷാസംഗമത്തിന്റെ സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധികാരത്തിൽ വന്നാൽ എല്ലാം ശരിയാക്കുമെന്നു പറഞ്ഞതു ജനങ്ങൾ വിശ്വസിച്ചതുകൊണ്ടാണ് അവർ അധികാരത്തിൽ വന്നത്. മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിനു സർക്കാർ നടപടിയെടുക്കണം. മദ്യഉപയോഗം പൂർണമായും ഇല്ലാതാക്കണം. ഇക്കാര്യത്തിൽ സർക്കാർ വ്യക്‌തമായ നിലപാടുമായി മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

അവഗണനയും അവശതയും അനുഭവിക്കുന്ന വിഭാഗമാണു ലത്തീൻ കത്തോലിക്ക സമുദായത്തിലെ ഭൂരിഭാഗവും. നേട്ടങ്ങളിൽ അഭിമാനം കൊള്ളാനും കോട്ടങ്ങളിൽ പരസ്പരം പഴിചാരാതെ തെറ്റുകൾ തിരുത്തി മുന്നോട്ടുപോകാനും സഭാവിശ്വാസികൾ തയാറാകണം. ന മ്മുടെ വിശ്വാസം എല്ലാവർക്കും ഉപകരിക്കുന്ന വിധത്തിലായിരിക്കണം. മനുഷ്യജീവനു യാതൊരു വിലയുമില്ലാത്ത ക്രൂരതയുടെ വാർത്തകളാണു നമു ക്കു ചുറ്റും ഉയരുന്നത്. കണ്ണൂരിൽനിന്നും ഇതു പറയുമ്പോൾ ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്. സ്നേഹത്തെക്കുറിച്ചുള്ള അജ്‌ഞതയാണ് ഇന്നുള്ള എല്ലാ പ്രശ്നങ്ങളുടെയും അടിസ്‌ഥാന കാരണം. വിശ്വമാനവികതയുടെ സന്ദേശം ഓരോ മനുഷ്യരിൽനിന്നും തുടങ്ങണം. ലത്തീൻ കത്തോലിക്ക സമുദായം അനുഭവിക്കുന്ന അവശതകൾക്കു പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


സമൂഹത്തിൽ ദുഃഖവും നൊമ്പരങ്ങളും പേറുന്നവരുടെ ഉന്നമനത്തിനായി എല്ലാവിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നു ചടങ്ങിൽ പ്രസംഗിച്ച കണ്ണൂർ ബിഷപ് ഡോ. അലക്സ് വടക്കുംതല പറഞ്ഞു. തീരദേശത്തുള്ള പാവങ്ങളുടെ ഉന്നമനത്തിനു വിലങ്ങുതടിയായി പല നിയമങ്ങളും നിലവിലുണ്ട്. ഇതിനെതിരേ സഭാസമൂഹം ഒരുമിച്ചു കൈകോർക്കണം.

അതുപോലെ മദ്യത്തിനെതിരേയും കർമപദ്ധതിയുമായി സഭാനേതൃത്വം മുന്നിലുണ്ടാകും. സമുദായത്തിന്റെ വികസനത്തിനായുള്ള കർമപദ്ധതി നിർബന്ധമായും പ്രായോഗികതലത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.