വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് കയ്യൂർ പള്ളിയിൽ പ്രതിഷ്ഠിച്ചു
വിശുദ്ധ തെരേസയുടെ തിരുശേഷിപ്പ് കയ്യൂർ പള്ളിയിൽ പ്രതിഷ്ഠിച്ചു
Sunday, September 25, 2016 1:03 PM IST
പാലാ: വിശുദ്ധ മദർതെരേസയുടെ തിരുശേഷിപ്പ് കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ സ്‌ഥാപിച്ചു. പാലാ രൂപതയിൽ ആദ്യമായാണു മദർ തെരേസയുടെ തിരുശേഷിപ്പ് സ്‌ഥാപിക്കുന്നത്. റെലിക്കുകളിൽ ഒന്നാം നിരയിൽ പെട്ട തിരുശേഷിപ്പാണ് കയ്യൂരിൽ പ്രതിഷ്ഠിച്ചത്. മദർ തെരേസയുടെ അസ്‌ഥിയുടെ അംശമാണ് കയ്യൂർ പള്ളിയിലെ തിരുശേഷിപ്പ്. പാലാ ബിഷപ്ഹൗസിൽ നിന്ന് ഇന്നലെ ഉച്ചകഴിഞ്ഞ് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് പ്രയാണം ആരംഭ’ിച്ചത്. ചടങ്ങുകളിൽ ജോസ് കെ. മാണി എം.പി., പി.സി. ജോർജ് എംഎൽഎ, വിവിധ സമുദായങ്ങളെ പ്രതിനിധീകരിച്ച് എൻഎസ്എസ്. ഡയറക്ടർ ബോർഡംഗം സി.പി. ചന്ദ്രൻനായർ, എസ്എൻഡി.പി യോഗം ഡയറക്ടർ ബോർഡംഗം പി.എസ്.ശാർങ്ധരൻ, മീനച്ചിൽ ഹിന്ദുസംഗമം ഉപാധ്യക്ഷൻ രവീന്ദ്രനാഥ് എന്നിവരും മരിയസദനം ഡയറക്ടർ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷൻ ചെയർമാൻ എബി. ജെ. ജോസ്, പാലാ ബ്ലഡ് ഫോറം കൺവീനർ ഷിബു തെക്കേമറ്റം തുടങ്ങിയവരും തിരുശേഷിപ്പിനുമുമ്പിൽ പുഷ്പാർച്ചന നടത്തി. പാലാ, പ്രവിത്താനം, ഉള്ളനാട് വഴിയാണ് തിരുശേഷിപ്പ് പ്രയാണം കയ്യൂർ ക്രിസ്തുരാജ് ദൈവാലയത്തിൽ എത്തിച്ചേർന്നത്. തിരുശേഷിപ്പു പ്രദക്ഷിണത്തിന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു. മോ ൺ. ജോസഫ് കൊല്ലംപറമ്പിൽ, ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ. മൈക്കിൾ വട്ടപ്പലം, ഫാ. ഗർവാസീസ് ആനിത്തോട്ടം എന്നിവർ സഹകാർമികരായിരുന്നു. തുടർന്ന് മദർ തെരേസയോടുള്ള നൊവേന ന ടന്നു. എല്ലാ ശനിയാഴ്ചകളിലും മദർ തെരേസയുടെ നൊവേന ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത് അറിയിച്ചു.


തിരുശേഷിപ്പ് പ്രയാണത്തിനും പ്രതിഷ്ഠയ്ക്കും കയ്യൂർ പള്ളി വികാരി ഫാ. ജോസഫ് വടക്കേമംഗലത്ത്, ഫാ. ജോസഫ് ആലഞ്ചേരി, ജോജോ വറവുങ്കൽ, ജോർജ് കാഞ്ഞിരത്തുംകുന്നേൽ, ബിജോ അടയ്ക്കാപ്പാറ, ജിനു മാത്യു മുട്ടപ്പള്ളിൽ, അമൽ ജോർജ്, അഞ്ജു ട്രീസ, ആൽബിൻ ഞായർകുളം, അനിൽ പുത്തൻപുര, അഞ്ജന സന്തോഷ്, ജോൺസ് ജോസ്, സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.

വിശുദ്ധ തെരേസ കാരുണ്യത്തിന്റെ പ്രതീകം: മാർ കല്ലറങ്ങാട്ട്

പാലാ: കാരുണ്യത്തിന്റെ പ്രതീകമാണ് മദർ തെരേസയെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതയിൽ ആദ്യമായി കയ്യൂർ ക്രിസ്തുരാജ് പള്ളിയിൽ മദർ തെരേസയുടെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച് സന്ദേശം നൽകുയായിരുന്നു ബിഷപ്.

സുവിശേഷത്തിന്റെ വ്യാഖ്യാനമാണ് കരുണ. ആ കരുണയുടെ മനുഷ്യരൂപമാണ് മദർ തെരേസ. മനുഷ്യനിൽ ദൈവത്തെ ദർശിച്ച വ്യക്‌തിയായിരുന്നു മദർ തെരേസ. കാരുണ്യത്തിന്റെ ഈ വർഷത്തിൽ മദർ തെരേസയുടെ വിശുദ്ധ പദവി ദൈവനിയോ ഗമാണ്. തിരുശേഷിപ്പുകൾ സ്‌ഥാപിക്കുമ്പോൾ രണ്ടായിരം വർഷത്തെ ക്രൈസ്തവപാരമ്പര്യത്തോട് സഭ ചേർന്നുനിൽക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.