എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ഹ്രസ്വകാല സേവനം പെൻഷനു പരിഗണിക്കണമെന്ന്
Sunday, September 25, 2016 12:53 PM IST
കോട്ടയം: എയ്ഡഡ് വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ അധ്യാപകരുടെ പെൻഷൻ ആനുകൂല്യം നിയന്ത്രിക്കാനുള്ള സർക്കാർ ഉത്തരവ് പിൻവലിക്കണമെന്നു കേരള പ്രൈവറ്റ് ടീച്ചേഴ്സ് ഫ്രണ്ട് സംസ്‌ഥാന പ്രസിഡന്റ് തോമസ്കുട്ടി മാത്യു ചീരംവേലിൽ ആവശ്യപ്പെട്ടു. ബ്രോക്കൺ സേവനകാലം പെൻഷൻ ആനുകൂല്യത്തിനു പരിഗണിക്കേണ്ട എന്ന നിർദേശം എയ്ഡഡ് മേഖലയ്ക്കു മാത്രം ബാധകമാക്കി അധ്യാപക സേവനത്തിലെ തരംതിരിവ് ശരിയായ നടപടിയല്ല.

ബ്രോക്കൺ സർവീസ് കാലത്ത് ശമ്പളമില്ലാതെ ജോലിചെയ്ത് യാത്രാക്കൂലി, മറ്റു ചെലവുകൾ തുടങ്ങിയ ഇനത്തിൽ കടബാധ്യതകൾ വരുത്തി സർവീസ് പൂർത്തിയാക്കുന്നത് സർവീസിൽ കണക്കാക്കപ്പെടുമല്ലോ എന്ന പ്രതീക്ഷയിലാണ്. അവധിയൊഴിവിൽ വർഷങ്ങളോളം ജോലിചെയ്ത ശേഷം മാത്രമാണ് എയ്ഡഡ് സ്കൂൾ അധ്യാപകരിൽ പലർക്കും സ്‌ഥിരനിയമനം ലഭിച്ചിട്ടുള്ളത്.


ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ പ്രതിഷേധസമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് കോട്ടയത്ത് ചേർന്ന സംസ്‌ഥാനകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.

ജനറൽസെക്രട്ടറി ടി.കെ.അശോക്കുമാർ അധ്യക്ഷത വഹിച്ചു. എം.സി.മാത്യു, ബിജോയി ഐസക്, ലാലിച്ചൻ ജോസഫ്, ജിനോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.