ജിതേഷ് കൊതിക്കുന്നു; ഹൃദയത്തിനും ജീവിതത്തിനുമായി
Sunday, September 25, 2016 12:45 PM IST
സിജോ പൈനാടത്ത്

കൊച്ചി: ജിതേഷിനൊരു ഹൃദയം വേണം. മണിക്കൂറുകൾക്കപ്പുറത്തേക്കു തന്റെ ജീവൻ നിലനിർത്താൻ അതിൽ കുറഞ്ഞതൊന്നും ഈ യുവാവിനു മതിയാവില്ല. എറണാകുളം ലിസി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ, ഹൃദയം കാത്തുകിടക്കുന്ന ജിതേഷിനായി ഉയരുന്ന പ്രാർഥനകളും പരിശ്രമങ്ങളും ഏറെ.

കൊച്ചി തൃപ്പൂണിത്തുറ സ്വദേശിയായ ഐടി എൻജിനിയർ ജിതേഷ് (32) ആണു, ഹൃദയത്തിന്റെ പ്രവർത്തനത്തെ ഗുരുതരമായി ബാധിച്ച ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖം മൂലം കഷ്‌ടപ്പെടുന്നത്. എത്രയും വേഗം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ ജീവൻ നിലനിർത്താൻ മറ്റുമാർഗങ്ങളില്ലെന്നു ഡോക്ടർമാർ അറിയിച്ചതോടെ, ജിതേഷിന്റെ മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും അതിനായുള്ള പരിശ്രമങ്ങളിലാണ്. 72 മണിക്കൂറിനുള്ളിൽ ഹൃദയം മാറ്റിവയ്ക്കൽ നടക്കേണ്ടതുണ്ട്. ബി പോസിറ്റീവ് രക്‌തഗ്രൂപ്പുള്ള ദാതാവിന്റെ ഹൃദയമാണ് ആവശ്യം.

ഒരു വർഷം മുമ്പുണ്ടായ ആദ്യത്തെ ഹൃദയാഘാതം ജിതേഷിന്റെ കരിയറിലെ കരിനിഴൽ കൂടിയായിരുന്നു. അന്നു മുതൽ വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയ ജിതേഷിനെ രണ്ടാഴ്ച മുമ്പാണ് ലിസി ആശുപത്രിയിൽ എത്തിച്ചത്. ഇന്നലെ വീണ്ടും ഹൃദയാഘാതമുണ്ടായതോടെ ആരോഗ്യസ്‌ഥിതി കൂടുതൽ വഷളായി. ഹൃദയശസ്ത്രക്രിയാവിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്റേയും ടീമിന്റേയും നിരീക്ഷണത്തിലാണ് ജിതേഷ് ഇപ്പോൾ.


ബി പോസിറ്റീവ് രക്‌തഗ്രൂപ്പുള്ള ആരെങ്കിലും മരിച്ചാൽ, ഹൃദയം ദാനം നൽകാൻ തയാറെങ്കിൽ അറിയിക്കണമെന്നാണു ജിതേഷിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും അപേക്ഷ. ആശുപത്രിയിലോ +919745746723, +91 7676208844, 09590719394 ഈ നമ്പറുകളിലോ ആണു വിവരമറിയിക്കേണ്ടത്.

ഹൃദയദാതാവിനെ ലഭിച്ചില്ലെങ്കിൽ കൃത്രിമഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയുടെ സാധ്യതയെക്കുറിച്ചും ഇവർ ഡോക്ടർമാരുമായി ആശയവിനിമയം നടത്തിവരുന്നുണ്ട്. ഇതിനു വിദേശത്തുനിന്നു ഡോക്ടർമാരെ കൊണ്ടുവരേണ്ടതായുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.