കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ആശങ്ക പരിഹരിക്കണം; മുഖ്യമന്ത്രിയുടെ കത്ത്
കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ ആശങ്ക പരിഹരിക്കണം; മുഖ്യമന്ത്രിയുടെ കത്ത്
Sunday, September 25, 2016 12:45 PM IST
തിരുവനന്തപുരം: കേരളത്തിലെ ട്രെയിൻ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ മന്ത്രി സുരേഷ് പ്രഭുവിനു കത്തയച്ചു.

രണ്ടു മാസത്തിനിടെ മാത്രം മൂന്നു ട്രെയിൻ അപകടങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണിത്. ഓഗസ്റ്റ് 13ന് മംഗലാപുരം – തിരുവനന്തപുരം മാവേലി എക്സ്പ്രസിന്റെ എൻജിന് കാസർഗോഡ് ജില്ലയിൽ ചെറുവത്തൂരിനടുത്ത് തീപിടിച്ചു. ഓഗസ്റ്റ് 28ന് എറണാകുളത്തിനടുത്ത് കറുകുറ്റി റെയിൽവേ സ്റ്റേഷനടുത്ത് തിരുവനന്തപുരം–മംഗലാപുരം എക്സ്പ്രസിന്റെ നിരവധി കോച്ചുകൾ പാളം തെറ്റിയതായിരുന്നു രണ്ടാമത്തെ അപകടം.

സെപ്റ്റംബർ 20 നായിരുന്നു അടുത്ത അപകടം. കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളിക്കടുത്ത് ഗുഡ്സ് ട്രെയിൻ പാളം തെറ്റി. കുറച്ച് ആഴ്ചകൾക്ക് മുൻപ് തിരുവനന്തപുരം –ചെന്നെ എക്സ്പ്രസിന് സിഗ്നൽ തകരാറുമുണ്ടായി.

കേരളത്തിൽനിന്നു ദീർഘദൂര സർവീസ് നടത്തുന്ന തീവണ്ടികളിൽ അടിസ്‌ഥാനസൗകര്യങ്ങളായ വെള്ളവും വെളിച്ചവുംപോലും ഇല്ലാത്ത അവസ്‌ഥയാണ്. കോച്ചുകളുടെ ദൈനംദിന ശുചീകരണം പോലും ഉറപ്പുവരുത്തുന്നില്ല. കേരളത്തിന് അനുവദിച്ചിട്ടുള്ള കോച്ചുകൾ കാലഹരണപ്പെട്ടതാണ്. പലതും തുരുമ്പെടുത്തവയാണ്. കൊച്ചുവേളി സ്റ്റേഷനടുത്ത് ഷണ്ടിംഗിനിടെ ബോഗികൾ കൂട്ടിയുരഞ്ഞപ്പോൾ അവയിൽ ചിലത് തുരുമ്പെടുത്ത തകര ടിന്നുപോലെ ചിതറിയത് കോച്ചുകളുടെ ഇപ്പോഴത്തെ പരിതാപകരമായ അവസ്‌ഥയാണ് സൂചിപ്പിക്കുന്നത്. ആവർത്തിച്ചുണ്ടാകുന്ന അപകടങ്ങളിൽ ട്രെയിൻ യാത്രക്കാർ ഭീതിയിലാണ്.


ഈ സാഹചര്യത്തിൽ കേരളത്തിലൂടെ സർവീസ് നടത്തുന്ന തീവണ്ടികളിലെ കോച്ചുകളുടെ ശോച്യാവസ്‌ഥയും മറ്റു വിഷയങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യത്തിൽ കേന്ദ്ര റെയിൽവെ മന്ത്രിയുടെ വ്യക്തിപരമായ ഇടപെടൽ ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. കേരളത്തിലെ റെയിൽവേയുടെ അവസ്‌ഥ മെച്ചപ്പെടുത്തണമെന്നത് തർക്കമില്ലാത്ത വസ്തുതയാണ്. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും ആശങ്കക്ക് പരിഹാരമുണ്ടാക്കണമെന്നും കത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.