കസ്തൂരിരംഗൻ വിഷയം പരിശോധിക്കുമെന്നു മോദി
കസ്തൂരിരംഗൻ വിഷയം പരിശോധിക്കുമെന്നു മോദി
Saturday, September 24, 2016 11:59 AM IST
കോഴിക്കോട്: കസ്തൂരിരംഗൻ, റബറടക്കമുള്ള കാർഷിക വിളകളുടെ വിലക്കുറവ് തുടങ്ങിയ വിഷയങ്ങളിൽ എന്തു ചെയ്യാൻ കഴിയുമെന്ന കാര്യം പരിശോധിച്ചു വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

വെസ്റ്റ് ഹിൽ ഗവ. ഗസ്റ്റ് ഹൗസിൽ കൂടിക്കാഴ്ചയ്ക്കെത്തിയ കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ, താമരശേരി രൂപതാ ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം, തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക്, പശ്ചിമഘട്ട ജനസംരക്ഷണ സമിതി ചെയർമാൻ ഡോ.ചാക്കോ കാളംപറമ്പിൽ എന്നിവരടങ്ങുന്ന കർഷക പ്രതിനിധിസംഘത്തോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

റബർ വിലയിടിവ് ചൂണ്ടിക്കാണിച്ചപ്പോൾ, വിവരം തനിക്കറിയാമെന്നും വേണ്ടത് ആലോചിച്ച് ചെയ്യാമെന്നും ആയിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. കസ്തൂരിരംഗൻ വിഷയത്തിലും പ്രധാനമന്ത്രി ഇതേ മറുപടി ആവർത്തിച്ചു. തീരദേശ സംരക്ഷണ നിയമം നടപ്പാക്കിയാൽ നിരവധി പാവപ്പെട്ട കുടുംബങ്ങൾക്കു വീടുവയ്ക്കാൻ കഴിയില്ലെന്ന് പ്രതിനിധി സംഘം പ്രധാനമന്ത്രിയെ അറിയിച്ചു. ഞാനും കടൽത്തീരത്ത് വളർന്നവനാണ്, അവരുടെ ബുദ്ധിമുട്ട് എനിക്ക് കൃത്യമായി മനസിലാകും. എന്തുചെയ്യാൻ കഴിയുമെന്ന് ആലോചിക്കാം: മോദി പറഞ്ഞു.


തെരുവുനായ ശല്യവും കാർഷിക വിളകളുടെ വിലക്കുറവും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ക്രിസ്ത്യൻ ദേവാലയങ്ങളിലെ ദിവ്യബലിക്കിടയിൽ എല്ലാ ദിവസവും ഭരണാധികാരികൾക്കുവേണ്ടി പ്രാർഥിക്കാറുണ്ടെന്ന് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ പ്രധാനമന്ത്രിയോടു പറഞ്ഞു. ‘

പ്രാർഥനയ്ക്ക് വളരെ നന്ദി. ദൈവത്തിന്റെ കൃപ എല്ലാ കാര്യത്തിലും ആവശ്യമാണ്’ എന്നായിരുന്നു മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.