മുന്നണിപ്രവേശന വാർത്തകൾ കുരുടൻ ആനയെ കണ്ടപോലെ: കെ.എം. മാണി
മുന്നണിപ്രവേശന വാർത്തകൾ കുരുടൻ ആനയെ കണ്ടപോലെ: കെ.എം. മാണി
Saturday, September 24, 2016 11:59 AM IST
കൊച്ചി: കേരള കോൺഗ്രസ്–എമ്മിന്റെ മുന്നണി പ്രവേശനത്തെക്കുറിച്ചു പരക്കുന്ന വാർത്തകൾ കുരുടൻ ആനയെ കണ്ടതുപോലെയാണെന്നു ചെയർമാൻ കെ.എം. മാണി. എറണാകുളം മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിൽ കേരള കോൺഗ്രസ്–എം എറണാകുളം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ്–എം ബിജെപിയിലേക്കു പോകും, എൽഡിഎഫിലേക്കു പോകും, കോൺഗ്രസിലേക്കു പോകും എന്നിങ്ങനെ പലതരത്തിലുള്ള അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. എന്നാൽ കേരള കോൺഗ്രസ്–എം ഒരു മുന്നണിയിലേക്കുമില്ല.

പാർട്ടി സ്വതന്ത്രമായി പ്രവർത്തിക്കും. ഭരണത്തിലിരിക്കുന്ന കേരള കോൺഗ്രസിനേക്കാൾ ശക്‌തമാണു സ്വതന്ത്രമായ കേരള കോൺഗ്രസ്.

ചരൽക്കുന്നിൽ വച്ചു മുന്നണി വിടാനുള്ള തീരുമാനം എടുത്തപ്പോൾ സാധാരണ ജനങ്ങൾ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ ഈ ആശങ്കകളെല്ലാം അസ്‌ഥാനത്താക്കി മുന്നണി വിടാനുള്ള തീരുമാനം കുറച്ചുകൂടി നേരത്തെ വേണമെന്നായിരുന്നു പ്രവർത്തകരുടെ വികാരം. കേരള കോൺഗ്രസ് എന്തുകൊണ്ടു മുന്നണി വിട്ടുവെന്ന കാരണം പറഞ്ഞില്ലെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കന്മാർ പറഞ്ഞു. ഇതിനൊക്കെ മറുപടി പറയാത്തതും കോൺഗ്രസിനെതിരേ പ്രതികരിക്കാത്തതും മാന്യതകൊണ്ടാണെന്നും മാണി പറഞ്ഞു.


ബജറ്റിലൂടെ നികുതിയിളവ് നൽകി കെ.എം. മാണി സർക്കാരിനു നഷ്‌ടമുണ്ടാക്കി എന്നു പറയാൻ ഉച്ചക്കിറുക്കന്മാർക്കല്ലാതെ കഴിയില്ല. തോംസൺ ഗ്രൂപ്പ് നടത്തിയ നികുതി വെട്ടിപ്പ് കണ്ടെത്തി അവർക്കെതിരേ നടപടിയെടുത്തതു കഴിഞ്ഞ ഗവൺമെന്റിന്റെ കാലത്താണ്. നിയമത്തെ ദുരുപയോഗം ചെയ്യുന്ന ഉദ്യോഗസ്‌ഥരെക്കുറിച്ചു ഗവൺമെന്റ് പരിശോധിക്കണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.