വെള്ളാപ്പള്ളിയും മകനും രണ്ടു തട്ടിലെന്നു വരുത്തി നേട്ടം കൊയ്യാൻ ശ്രമമെന്ന്
Saturday, September 24, 2016 11:59 AM IST
വി.എസ്. ഉമേഷ്

ആലപ്പുഴ: ബിജെപിയോടുള്ള സമീപനത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളുമായി വെള്ളാപ്പള്ളി നടേശനും മകൻ തുഷാറും രംഗത്തെത്തിയിരിക്കുന്നതു രണ്ടു തട്ടിലെന്നു വരുത്തി നേട്ടം കൊയ്യാനുള്ള തന്ത്രത്തിന്റെ ഭാഗമെന്നു വിലയിരുത്തൽ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെന്ന നിലയിൽ വെള്ളാപ്പള്ളി നടേശൻ ബിജെപി ബന്ധത്തെ ഇകഴ്ത്തി സംസാരിക്കുമ്പോൾ ബിഡിജെഎസ് നേതാവെന്ന നിലയ്ക്കു മകൻ തുഷാർ ഇതിനെ പ്രതിരോധിക്കുന്നു.

മിനിയാന്നും ഇന്നലെയുമായി രണ്ടു പേരും എതിർപ്രസ്താവനകളുമായി രംഗത്തെത്തിയതു പൊതുസമൂഹത്തിൽ തങ്ങൾ രണ്ടറ്റത്താണെന്നു വരുത്തിത്തീർത്ത് ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യത്തിൽനിന്നും സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫിൽ നിന്നും കാര്യങ്ങൾ നേടിയെടുക്കാനാണെന്നു തന്നെയാണു പൊതുചിന്ത. ബിജെപിയുമായുള്ള ബന്ധം ബിഡിജെഎസിനു നഷ്‌ടക്കച്ചവടമാണെന്നു വെള്ളാപ്പള്ളി ഇന്നലെ പറഞ്ഞപ്പോൾ അടുത്തുതന്നെ മാധ്യമപ്രതിനിധികളെ കണ്ട മകൻ അങ്ങനെയല്ലെന്നു തിരുത്തി.

ബിജെപിയുടെ ദേശീയ നേതൃത്വത്തെ മുമ്പു പലപ്പോഴായി സന്ദർശിച്ചിട്ടുള്ള വെള്ളാപ്പള്ളി കേരളത്തിലെത്തിയ ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷായെ കാണാതെ സംസ്‌ഥാന മുഖ്യമന്ത്രി പിണറായി വിജയനെ കാണാനായിരുന്നു പോയത്. പോകുക മാത്രമല്ല, പിണറായി മികച്ച മുഖ്യമന്ത്രിയെന്നുള്ള പ്രശംസയും നടത്തി. ഒരു വശത്തുകൂടി പിണറായിയുടെ സഹായം ഉറപ്പിക്കുന്നതിനൊപ്പം ബിജെപി ദേശീയ നേതൃത്വത്തിൽ സമ്മർദം ചെലുത്താനുമാണ് ഇത്തരം നീക്കം നടത്തിയതെന്നു തീർച്ച.

ബിഡിജെഎസുമായി ബന്ധപ്പെട്ട് ഔദ്യോഗിക ഭാരവാഹിത്വങ്ങളൊന്നും ഇല്ലാത്ത വ്യക്‌തിയാണ് വെള്ളാപ്പള്ളി. ആ വെള്ളാപ്പള്ളിയാണ് പാർട്ടിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ പറയുന്നതെന്നതാണ് മറ്റൊരു വിരോധാഭാസം. അതുകൊണ്ടു കൂടിയാകും എസ്എൻഡിപിയുടെ അഭിപ്രായമാണ് വെള്ളാപ്പള്ളി പറയുന്നതെന്ന മകന്റെ നിലപാട്. ബിജെപി, ബിഡിജെഎസിനു നൽകിയ പല ഉറപ്പുകളും പാലിക്കപ്പെട്ടില്ലെന്നായിരുന്നു എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നത്. എന്നാൽ, ബിഡിജെഎസ് സംസ്‌ഥാന കൗൺസിൽ യോഗം കഴിഞ്ഞിറങ്ങിയ മകനും ബിഡിജെഎസ് പ്രസിഡന്റായ മകൻ തുഷാർ വെള്ളാപ്പള്ളിയാകട്ടെ ഇതിനെ ഖണ്ഡിക്കുകയും ചെയ്തു. ബിജെപിയുമായി അഭിപ്രായഭിന്നതകൾ ഇല്ലെന്നും സാങ്കേതിക നടപടികൾ മൂലമാണ് അർഹമായ സ്‌ഥാനമാനങ്ങൾ ലഭിക്കുന്നതു വൈകുന്നതെന്നുമായിരുന്നു തുഷാറിന്റെ പ്രതികരണം.


എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം വെള്ളാപ്പള്ളി നടേശനെതിരേയുള്ള പരാതികളും കേസുകളും ഉയർത്തിക്കൊണ്ടുവന്ന് തുടർനടപടികളിലേക്കു കടക്കുന്ന അവസ്‌ഥയുണ്ടായിരുന്നു. നടേശൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഇതു തണുക്കുകയും ചെയ്തു. വി.എസ്. അച്യുതാനന്ദൻ അടക്കമുള്ളവരാണ് മൈക്രോഫിനാൻസിനെതിരെ രംഗത്തുണ്ടായിരുന്നത്. അതുകൊണ്ടുകൂടിയാണ് പാർട്ടിയിൽ വി.എസിന്റെ എതിർപക്ഷത്തുള്ള പിണറായിയെ കണ്ട് കാര്യങ്ങൾ തീർപ്പാക്കാൻ വെള്ളാപ്പള്ളിയെ പ്രേരിപ്പിച്ചതും. ആ ബന്ധം നിലനിർത്തുകയെന്നതും അദ്ദേഹത്തിന്റെ തന്ത്രത്തിൽ ഉൾപ്പെടും. അതുകൊണ്ടുകൂടിയാകണം മൈക്രോഫിനാൻസ് കേസിന്റെ പേരിൽ എസ്എൻഡിപി നേതൃത്വം എൽഡിഎഫിനു കീഴടങ്ങിയെന്ന ആക്ഷേപം നിലനിൽക്കെ തന്നെ ബിജെപിയോടുള്ള സമീപനത്തിൽ വെള്ളാപ്പള്ളി മാറ്റം വരുത്തിയതും. അതേസമയം, മകനെ ഉപയോഗിച്ച് കേന്ദ്രം ഭരിക്കുന്ന ബിജെപിയോട് അനുനയം പുലർത്തുന്നു.

ബിഡിജെഎസിലെ തന്നെ ചില നേതാക്കൾ ബിജെപി അനുകൂല നിലപാടുള്ളവരാണ്. നേതൃത്വത്തിൽ നിന്നും ഇത്തരമൊരു നീക്കമുണ്ടായാൽ ഇവർ പുറത്തു പോകാനും പാർട്ടി പിളരാനുമുള്ള സാധ്യതകളും വിരളമല്ല. മൈക്രോഫിനാൻസിനെ പിടികൂടിയ പോലെ ആദായനികുതിക്കാരും പിന്നാലെ കൂടിയാൽ തടയിടേണ്ടിവരും. ഇതുംകൂടി മുന്നിൽ കണ്ടാണ് തുഷാറിന്റെ പ്രതികരണങ്ങൾ. കെ.എം. മാണിയെ പോലെയുള്ളവരെ കൂട്ടുപിടിച്ച് ശക്‌തിയാർജിക്കാനുള്ള നീക്കങ്ങളും അതുകൊണ്ടുതന്നെയാണു നടത്തുന്നതും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.