ട്രാഫിക് പോലീസിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം
Saturday, September 24, 2016 11:59 AM IST
അടിമാലി: കൊച്ചി– മധുര ദേശീയപാതയിൽ വാഹനപരിശോധനയ്ക്കിടെ രണ്ടു ബുള്ളറ്റുകൾ ട്രാഫിക് എസ്ഐയെയും രണ്ടു പോലീസുകാരെയും ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു. എസ്ഐയുടെ കാലിലൂടെ ബൈക്ക് കയറിയിറങ്ങി. ഓടി മാറിയതിനാൽ അപകടം ഒഴിവായി. അടിമാലി ട്രാഫിക് എസ്ഐ മുസ്തഫയുടെ കാലിനു മുകളിലൂടെയാണ് ബൈക്ക് കയറിയിറങ്ങിയത്.

ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കൂമ്പൻപാറ ഭാഗത്ത് ഹൈവേ പോലീസ് കൈകാണിച്ചിട്ടും ബൈക്കുകൾ നിർത്തിയില്ല. ഇതേത്തുടർന്ന് പോലീസ് ട്രാഫിക് പോലീസിന് സന്ദേശംനൽകി. അടിമാലി എസ്എൻഡിപി ജംഗ്ഷനിൽ എസ്ഐയും സംഘവും ബൈക്കുകൾക്ക് കൈകാണിച്ചു. ഇതോടെ ബൈക്കുകൾ പോലീസിനുനേരേ പാഞ്ഞടുത്തു. എസ്ഐയും സംഘവും റോഡിൽനിന്നും ഓടി. ഇതിനിടെ, ബൈക്ക് എസ്ഐയുടെ കാലിലൂടെ കയറിയിറങ്ങുകയായിരുന്നു. ബൈക്കുകളുടെ നമ്പർ ശ്രദ്ധിക്കുവാൻ പോലീസിന് കഴിഞ്ഞില്ല. മൂന്നാർ സന്ദർശിച്ചു മടങ്ങിയ എറണാകുളം സ്വദേശികളാണെന്നു സംശയിക്കുന്നതായി എസ്ഐ പറഞ്ഞു. ഊന്നുകൽ പോലീസും വനപാലകരും ബൈക്കുകൾ കണ്ടെത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.