കൈക്കൂലി: പോലീസ് ഉദ്യോഗസ്‌ഥരെ പിരിച്ചുവിടാൻ നിർദേശം
Saturday, September 24, 2016 11:59 AM IST
തൊടുപുഴ: വ്യാപാരിയുടെ മകനെ പീഡനക്കേസിൽ കുടുക്കുമെന്നു ഭീഷണിപ്പെടുത്തി 21 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായിരുന്ന അഡീഷണൽ എസ്ഐയെയും എഎസ്ഐയെയും പിരിച്ചുവിടാൻ ഐജി നിർദേശം നൽകി. കമ്പംമെട്ട് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ എച്ച്. സുരേഷ് കുമാർ, അസി. എസ്ഐ കെ. സദാനന്ദൻ എന്നിവർക്കാണ് സർവീസിൽനിന്നു പുറത്താക്കുന്നതിന്റെ ഭാഗമായി കത്ത് നൽകിയത്.

എറണാകുളം റേഞ്ച് ഐജി ശ്രീജിത്ത് കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ വി.എസ് അനിൽ കുമാർ മുഖേനയാണ് ഇരുവരെയും പിരിച്ചുവിടുന്നതായി കാണിച്ച് കത്ത് നൽകിയത്. 15 ദിവസത്തിനകം കത്തിന് മറുപടി നൽകണം. ഇതേത്തുടർന്നു പിരിച്ചുവിടൽ ഉത്തരവ് പ്രാബല്യത്തിൽ വരും. കേസിന് ആസ്പദമായ കാര്യങ്ങൾ അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാർച്ചിൽ ഇരുവരെയും കൊച്ചി റേഞ്ച് ഐജി മഹിപാൽ യാദവ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. ഇതു സംബന്ധിച്ച വിജിലൻസ് അന്വേഷണം നടന്നു വരുകയാണ്.

കഴിഞ്ഞ മാർച്ചിലാണു കേസിനാസ്പദമായ സംഭവം. കട്ടപ്പനയിലെ മലഞ്ചരക്ക് വ്യാപാരിയുടെ മകൻ തന്നെ പീഡിപ്പിച്ചതായുള്ള വിവരം യുവതി എഎസ്ഐ സദാനന്ദനെ അറിയിച്ചിരുന്നു. യുവതിയോടു പരാതി നൽകാൻ ആവശ്യപ്പെട്ടശേഷം കേസിൽ ഉൾപ്പെട്ട യുവാവിനെ വണ്ടൻമേട് പുറ്റടിക്കു സമീപം വിളിച്ച് വരുത്തി. എസ്ഐ സുരേഷ്കുമാറുമായി ചേർന്നു പ്രശ്നം ഒതുക്കുന്നതിനായി 50 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതായ യുവാവ് പിതാവിനെ വിവരമറിയിച്ചു. ഇതേത്തുടർന്ന് ഒരാൾ ഇടനിലക്കാരനായി 50 ലക്ഷം എന്നതു 25 ലക്ഷമായി കുറയ്ക്കാൻ ധാരണയായി. തുടർന്ന് 10 ലക്ഷത്തിന്റെ ഒരു ചെക്കും, പിന്നീട് അഞ്ചു ലക്ഷത്തിന്റെ ഒരു ചെക്കും നൽകി. ബാക്കി പണമായും നൽകിയത് ഉൾപ്പെടെ 21 ലക്ഷം ഇവർ കൈപ്പറ്റിയതായി സ്പെഷൽ ബ്രാഞ്ചിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 21 ലക്ഷത്തിൽ ഒരു ലക്ഷം രൂപ യുവതിക്ക് നൽകിയ ശേഷം ബാക്കി തുക മൂവരും വീതിച്ചെടുത്തതായാണ് സ്പെഷൽ ബ്രാഞ്ചിനു ലഭിച്ച വിവരം. അന്നത്തെ കട്ടപ്പന ഡിവൈഎസ്പി ആയിരുന്ന ജഗദീഷ് നടത്തിയ അന്വേഷണത്തിൽ കട്ടപ്പനയിലെ ഒരു പൊതുമേഖലാ ബാങ്കിൽ നിന്നും 15 ലക്ഷം രൂപയുടെ മൂന്നു ചെക്കുകൾ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരുടെ പേരിൽ മാറിയെടുത്തതായി കണ്ടെത്തി. ഇക്കാര്യം വ്യക്‌തമാക്കി ജില്ലാ പോലീസ് മേധാവിക്കു കൈമാറിയ റിപ്പോർട്ട് ഐജിക്കു ലഭിച്ചതോടെ ഇരുവരെയും മാസങ്ങൾക്ക് മുമ്പ് എറണാകുളം റേഞ്ച് ഐജി മഹിപാൽ യാദവ് സസ്പെൻഡ് ചെയ്തിരുന്നു. പിന്നീടു നടത്തിയ അന്വേഷണത്തിൽ പോലീസ് ഉദ്യോഗസ്‌ഥർ ചെയ്ത കുറ്റം ഗുരുതരമാണെന്നും ഇവർക്ക് സർവീസിൽ ഇനി തുടരാൻ അർഹതയില്ലെന്നും കണ്ടെത്തിയതിനെത്തുടർന്നാണ് പിരിച്ചു വിടൽ ഉത്തരവ്.


സംഭവം ഉന്നത ഉദ്യോഗസ്‌ഥർ അറിഞ്ഞെന്നും അവർക്ക് കൊടുക്കാൻ അവശേഷിക്കുന്ന തുക കൂടാതെക്കുറച്ച് കൂടി പണം വേണമെന്നും എസ്ഐയും എഎസ്ഐയും വ്യാപാരിയോട് ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഈ ഉദ്യോഗസ്‌ഥൻ തന്റെ പേരിൽ അഡീഷണൽ എസ്ഐയും എഎസ്ഐയും നടത്തിയ തട്ടിപ്പുകളൊന്നും അറിഞ്ഞിരുന്നില്ല. ഒന്നും അറിഞ്ഞതായി ഭാവിക്കാതെ ഇവരോട് വിവരങ്ങൾ എല്ലാം ചോദിച്ച് മനസിലാക്കിയ ഡിവൈഎസ്പി സ്പെഷൽ ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.