വിജിലൻസ് ഡയറക്ടറെ മാറ്റാൻ ഹർജി
വിജിലൻസ് ഡയറക്ടറെ മാറ്റാൻ ഹർജി
Saturday, September 24, 2016 11:59 AM IST
കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തത്സ്‌ഥാനത്തുനിന്നു മാറ്റണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. ജേക്കബ് തോമസ് കെടിഡിഎഫ്സിയുടെ എംഡി ആയിരുന്ന കാലത്ത് ഗവേഷണ ആവശ്യത്തിനെന്ന പേരിൽ അവധിയെടുത്ത് ആറു മാസത്തോളം കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ശമ്പളം സ്വീകരിച്ചു ജോലി ചെയ്തുവെന്നു ഹർജിയിൽ പറയുന്നു. മാള സ്വദേശിയായ ബിനോയ് അതിയാരത്താണ് അഡ്വ. പി.വി. ജോർജ് പുതിയിടം വഴി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ഹർജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും.

സർക്കാർ അനുമതിയില്ലാതെ ക്ലാസ് എടുത്ത് പ്രതിമാസം 1,69,500 രൂപ ശമ്പളമായി സ്വകാര്യ സ്‌ഥാപനത്തിൽനിന്നു വാങ്ങിയെന്നും ഇതു നിയമവിരുദ്ധവും കേന്ദ്ര സർവീസ് ചട്ടത്തിന്റെ ലംഘനവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. തോമസ് ജേക്കബ് മൈനർപോർട്ടിന്റെ ഡയറക്ടർ ആയിരിക്കെ പർച്ചേസ് മാനുവലിനു വിരുദ്ധമായി തടികൊണ്ടുള്ള ഫർണിച്ചർ വാങ്ങാനുള്ള തീരുമാനം ഒഴിവാക്കി ക്രമവിരുദ്ധമായി സ്റ്റീൽ ഫർണിച്ചർ വാങ്ങി. സർക്കാർ സ്‌ഥാപനമായ ബിഇഎംഎലിൽ നിന്നു 16 കോടി രൂപയ്ക്ക് കൊടുക്കാമെന്നു പറഞ്ഞ മണ്ണുമാന്തിക്കപ്പൽ ഒരു സ്വകാര്യ സ്‌ഥാപനത്തിൽനിന്നു 19.86 കോടി രൂപയ്ക്കു വാങ്ങി അഴിമതി നടത്തിയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.


ഐപിഎസ് ഉദ്യോഗസ്‌ഥനായ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് 1968ലെ എഐഎസ് (കോണ്ടാക്ട് റൂൾ) ചട്ടത്തിനു വിരുദ്ധമായാണു പ്രവർത്തിച്ചിരുന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തി ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഹർജി ആവശ്യപ്പെടുന്നു. ഗവേഷണ ആവശ്യത്തിനെന്ന പേരിൽ നിയമവിരുദ്ധമായി ശമ്പളംപറ്റി സ്വകാര്യ സ്‌ഥാപനത്തിൽ ജോലി ചെയ്ത ജേക്കബ് തോമസിനെതിരേ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരുന്നുവെന്നും എന്നാൽ, പിന്നീടിതു സംബന്ധിച്ച നടപടികൾ അവസാനിപ്പിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.