സഭയുടെ മുന്നേറ്റത്തിന് അല്മായരുടെ പിന്തുണവേണം: ആർച്ച്ബിഷപ് ഡോ.സൂസപാക്യം
സഭയുടെ മുന്നേറ്റത്തിന് അല്മായരുടെ പിന്തുണവേണം: ആർച്ച്ബിഷപ് ഡോ.സൂസപാക്യം
Friday, September 23, 2016 2:23 PM IST
കണ്ണൂർ: ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ ലത്തീൻ കത്തോലിക്കർ ഒറ്റക്കെട്ടാകണമെന്നും സഭയുടെ മുന്നേറ്റത്തിന് അല്മായരുടെ പങ്കാളിത്തം അനിവാര്യമാണെന്നും തിരുവനന്തപുരം ആർച്ച്ബിഷപ്പും കേരള റീജണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പ്രസിഡന്റുമായ ഡോ.സൂസപാക്യം. ലത്തീൻ കത്തോലിക്ക അല്മായ കമ്മീഷന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ബർണശേരി സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ച അല്മായ ശുശ്രൂഷാസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.

ലത്തീൻ കത്തോലിക്കർ വിഘടിച്ചു നിൽക്കണമെന്ന് ആഗ്രഹിക്കുകയും വിള്ളലുകൾ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന നിക്ഷിപ്ത താത്പര്യക്കാർ നമ്മുടെയിടയിൽത്തന്നെയുണ്ട്. ഓരോ തെരഞ്ഞെടുപ്പിന്റെയും കാലഘട്ടത്തിൽ നാമത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.

ആരുടെയും ചരടുവലികൾക്ക് വശംവദരാകാതെ സുവിശേഷത്തിന് സാക്ഷ്യംവഹിക്കാനും ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റാനും സമൂഹം ഒറ്റക്കെട്ടാകണം. അല്മായരാണ് സഭയിലെ പ്രധാനഘടകം. പ്രശ്നങ്ങളുണ്ടാകുമ്പോഴും ആവശ്യങ്ങൾ നേടിയെടുക്കാനും മാത്രമല്ല അല്മായരുടെ സാന്നിധ്യമുണ്ടാകേണ്ടത്. ഇരുപത് ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കർ ഒറ്റക്കെട്ടാണെന്ന അവബോധം ഉണ്ടാക്കാനും അവഗണനകൾ അതിജീവിച്ച് ദിശാബോധത്തോടെ സഭയിലും സമൂഹത്തിലും തലയുയർത്തിപ്പിടിക്കാനുള്ള ആത്മവിശ്വാസം പകരാനും ഇത്തരം സംഗമങ്ങൾക്ക് സാധിക്കുന്നതായി ആർച്ച് ബിഷപ് പറഞ്ഞു.

കണ്ണൂർ ബിഷപ് ഡോ.അലക്സ് വടക്കുംതല അധ്യക്ഷത വഹിച്ചു. സഭയുടെ വളർച്ചയും ഭാവിയും ബിഷപ്പുമാരോ വൈദികരോ സന്യസ്തരോ അല്ലെന്നും അല്മായരാണെന്നും ബിഷപ് ഡോ.വടക്കുംതല പറഞ്ഞു. സഹോദരങ്ങളുടെ കഷ്‌ടപ്പാടും വേദനയും തിരിച്ചറിയുന്നതിന് അല്മായർ പ്രതിജ്‌ഞാബദ്ധരാണെന്നും ബിഷപ് ഓർമിപ്പിച്ചു.


ജീവനാദം ചീഫ് എഡിറ്റർ ഇഗ്നേഷ്യസ് ഗൊൺസാൽവസ്, കണ്ണൂർ രൂപത പാസ്റ്ററൽ കൗൺസിലംഗം പുഷ്പ ക്രിസ്റ്റി എന്നിവർ പ്രതികരണ പ്രഭാഷണം നടത്തി. അല്മായ കമ്മീഷൻ സംസ്‌ഥാന സെക്രട്ടറി ഫാ.വില്യം രാജൻ സ്വാഗതവും അല്മായ കമ്മീഷൻ അസോസിയേഷൻ സെക്രട്ടറി മേബിൾ ജോൺകുട്ടി നന്ദിയും പറഞ്ഞു. കണ്ണൂർ രൂപത വികാരി ജനറാൾ മോൺ. ദേവസി ഈരത്തറ പതാക ഉയർത്തി. ജീസസ് യൂത്ത് ആൻഡ് ഇന്റർനാഷണൽ ഫോർമേഷൻ ടീം ആനിമേറ്റർ ഡോ.എഡ്വേർഡ് എടേഴത്ത്, കെആർഎൽസിസി അസോസിയേഷൻ സെക്രട്ടറി ഫാ.തോമസ് തറയിൽ, കെഎൽഎം മുൻ പ്രസിഡന്റ് ജോയ് ഗോത്തുരുത്ത്, ലിഡ ജേക്കബ് ഐഎഎസ്, അല്മായ കമ്മീഷൻ വൈസ് ചെയർമാൻ ഷാജി ജോർജ്, ലേബർ കമ്മീഷൻ സെക്രട്ടറി ജോസഫ് ജൂഡ്, കെആർഎൽസിസി സെക്രട്ടറി ഫാ. ഫ്രാൻസിസ് സേവ്യർ താന്നിക്കപ്പറമ്പിൽ, കെഎൽസിഎ സംസ്‌ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സിഎസ്എസ് സെക്രട്ടറി ബെന്നി പാപ്പച്ചൻ, കെഎൽസിഎ കണ്ണൂർ രൂപത പ്രസിഡന്റ് രതീഷ് ആന്റണി, എൻകെഡിഎഫ് കണ്ണൂർ രൂപത പ്രസിഡന്റ് കെ.ബി.സൈമൺ, കെഎൽസിഡബ്ല്യുഎ സംസ്‌ഥാന പ്രസിഡന്റ് ജയിൻ ആൻസിൽ, ഷേർളി സ്റ്റാൻലി, കെഎൽസിഎ സംസ്‌ഥാന സെക്രട്ടറി അഡ്വ.ഷെറി ജെ.തോമസ്തുടങ്ങിയവർ പങ്കെടുത്തു. സമാപന സമ്മേളനം ഇന്നു രാവിലെ 11ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.