ഉണ്യാലിലെ അക്രമം തടയണം: ചെന്നിത്തല
Friday, September 23, 2016 2:23 PM IST
തിരുവനന്തപുരം: മലപ്പുറം നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ, താനൂർ പ്രദേശങ്ങളിൽ കഴിഞ്ഞ ഒരു മാസമായി വീടുകൾക്കു നേരേ നടക്കുന്ന അക്രമവും കവർച്ചയും തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കുറ്റവാളികളെ പിടികൂടണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു നൽകിയ കത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ഈ പ്രദേശം സന്ദർശിച്ചിരുന്നു.

രാഷ്ട്രീയ സംഘട്ടനത്തിന്റെ മറവിൽ കവർച്ചയാണ് ഇവിടെ നടക്കുന്നതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. വീടുകൾ വാളും മറ്റ് ആയുധങ്ങളും കൊണ്ടു വെട്ടിപ്പൊളിക്കുകയും വിലപിടിപ്പുള്ള സാധനങ്ങളും പണവും കവർച്ച നടത്തുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ 28 വീടുകൾ ആക്രമിക്കുകയും കവർച്ച നടത്തുകയും ചെയ്തു. ഒരേ രീതിയിലാണ് അക്രമം നടന്നിട്ടുള്ളത്. വീടുകളിലെ കതകുകളും ജനാലകളും അലമാരകളും വെട്ടിപ്പൊളിച്ചിട്ടുണ്ട്.


അലമാരകൾക്കുള്ളിലുണ്ടായിരുന്ന പണവും ആഭരണങ്ങളും കവരുകയും സർട്ടിഫിക്കറ്റുകളും രേഖകളും മറ്റും നശിപ്പിക്കുകയും ചെയ്തു. കൊച്ചു കുട്ടികളുടെ സ്കൂൾ യൂണിഫോമും പുസ്തകങ്ങളും വരെ കീറി തീയിട്ടു. ഇത്രയും അതിക്രമം നടന്നിട്ടും പോലീസ് അനങ്ങിയിട്ടില്ല. സമാധാന സമ്മേളനം വിളിച്ചെങ്കിലും ഫലമുണ്ടായില്ല. ജനങ്ങൾ ഭയന്നു കഴിയുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.