കോടതി റിപ്പോർട്ടിംഗിനു നിയന്ത്രണമില്ലെന്നു ഹൈക്കോടതി രജിസ്ട്രാർ ജനറൽ
കോടതി റിപ്പോർട്ടിംഗിനു  നിയന്ത്രണമില്ലെന്നു ഹൈക്കോടതി  രജിസ്ട്രാർ ജനറൽ
Friday, September 23, 2016 1:09 PM IST
കൊച്ചി: സംസ്‌ഥാനത്തെ കോടതികളിൽനിന്നു വാർത്തകൾ ശേഖരിക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു നടപടികൾ പുരോഗമിക്കുകയാണെന്നും ഹൈക്കോടതി രജിസ്ട്രാർ ജനറൽ അശോക് മേനോൻ പത്രക്കുറിപ്പിൽ അറിയിച്ചു. മാധ്യമപ്രവർത്തകർക്ക് കോടതികളിൽ വിലക്ക് ഏർപ്പെടുത്തിയെന്നു ചില മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് പത്രക്കുറിപ്പ് നൽകുന്നതെന്നു രജിസ്ട്രാർ ജനറൽ വ്യക്‌തമാക്കിയിട്ടുണ്ട്. കോടതി പരിസരത്തോ കോടതികളിലോ മാധ്യമപ്രവർത്തകർ എത്തുന്നതിന് ഒരു നിയന്ത്രണമില്ലെന്നു പത്രക്കുറിപ്പിൽ പറയുന്നു.


കഴിഞ്ഞ ജൂലൈ 19 മുതൽ മാധ്യമപ്രവർത്തകർക്കു കോടതി വാർത്തകൾ ശേഖരിക്കാൻ കോടതിയിലെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ പ്രശ്നങ്ങളെത്തുടർന്ന് ഹൈക്കോടതിയിലും മറ്റു കോടതികളിലും മാധ്യമപ്രവർത്തകരെ തടയുന്ന സ്‌ഥിതിയാണ്. ഈ സാഹചര്യത്തിൽ ജൂലൈ 19 മുതൽ 21 വരെ ഹൈക്കോടതി പരിസരത്ത് മാധ്യമപ്രവർത്തകർക്കു മർദനമേറ്റ സാഹചര്യം ചൂണ്ടിക്കാട്ടി ഡോ. സെബാസ്റ്റ്യൻ പോൾ നൽകിയ പരാതിയെത്തുടർന്ന് ഹൈക്കോടതി രജിസ്ട്രാറോടും ചീഫ് സെക്രട്ടറിയോടും പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ വിശദീകരണം തേടിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.