സബ്സിഡി വളത്തിന് ആധാർ നിർബന്ധം
Friday, September 23, 2016 1:01 PM IST
<ആ>സ്വന്തം ലേഖകൻ

കണ്ണൂർ: സബ്സിഡി നിരക്കിലുള്ള വളങ്ങളുടെ വിതരണത്തിന് ആധാർ കാർഡ് നിർബന്ധമാക്കുന്നു. കണ്ണൂർ ഉൾപ്പെടെ രാജ്യത്തെ 16 ജില്ലകളിലാണ് പരീക്ഷണാടിസ്‌ഥാനത്തിൽ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ ഫെർട്ടിലൈസർ സംവിധാനം നടപ്പാക്കുന്നത്. ആധാർ രജിസ്ട്രേഷനിൽ നൂറുശതമാനം നേട്ടം കൈവരിച്ചതാണ് പദ്ധതിക്കായി കണ്ണൂർ ജില്ലയെ തെരഞ്ഞെടുക്കാൻ കാരണം.

സബ്സിഡി വളം യഥാർഥ ഗുണഭോക്‌താവിനു തന്നെയാണു ലഭിക്കുന്നതെന്ന് ഉറപ്പുവരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം. ഇതിനുവേണ്ടി കർഷകർ ആധാർ നമ്പറും വിരലടയാളവും വില്പനശാലകളിൽ രജിസ്റ്റർ ചെയ്യണം. കേരളത്തിൽ പദ്ധതി നടപ്പാക്കാനുള്ള നോഡൽ ഏജൻസിയായി ഫാക്ടിനെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. നാഷണൽ ഇൻഫർമാറ്റിക് സെന്റർ സോഫ്റ്റ്വേർ ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ ഏർപ്പെടുത്തും. കംപ്യൂട്ടർ, വിരലടയാളം രേഖപ്പെടുത്താനുള്ള സ്കാനർ എന്നിവയാണ് വില്പനശാലകളിൽ ഒരുക്കേണ്ടത്. കംപ്യൂട്ടറില്ലെങ്കിൽ കാർഡ് സ്വൈപ്പ് ചെയ്യുന്നതിനുള്ള ഉപകരണം മതി. കണ്ണൂർ ജില്ലയിൽ 201 വളം വില്പനശാലകളാണുള്ളത്. രണ്ടുമാസത്തിനുള്ളിൽ പദ്ധതി ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. വില്പനക്കാർക്ക് ഇതിനാവശ്യമായ പരിശീലനവും നൽകും. രജിസ്റ്റർ ചെയ്തിരിക്കുന്ന കർഷകന് വളം വാങ്ങാൻ നേരിട്ടെത്താൻ കഴിയാത്ത സാഹചര്യമാണുള്ളതെങ്കിൽ അതിനാവശ്യമായ സംവിധാനവും ഏർപ്പെടുത്തും.

സബ്സിഡി നേരിട്ടു ഗുണഭോക്‌താക്കളിൽ എത്തിക്കുന്ന രീതിയല്ല വളങ്ങളുടെ കാര്യത്തിലുള്ളത്. നിർമാണ കമ്പനികൾക്കാണു സർക്കാർ സബ്സിഡി നൽകുന്നത്. ഈ സബ്സിഡി പ്രയോജപ്പെടുത്തിയാണ് കമ്പനികൾ കുറഞ്ഞവിലയിൽ വളം ഉപഭോക്‌താക്കളിൽ എത്തിക്കുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന വളം വില്പനക്കാർ വൻതോതിൽ മറിച്ചുവിൽക്കുന്നതായി ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് ഉപഭോക്‌താക്കളെ ആധാർ വഴി ബന്ധിപ്പിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുന്നത്. എന്നാൽ, സബ്സിഡി തുക വളം കമ്പനികൾക്കു നൽകുന്ന രീതിതന്നെയാകും തുടരുക.


വളം ആരിലേക്കാണ് എത്തുന്നതെന്ന് മനസിലാക്കുന്നതിനുള്ള സംവിധാനമാണ് ഏർപ്പെടുത്തുന്നതെന്നും സബ്സിഡി തുക നേരിട്ട് കർഷകർക്ക് നൽകുന്നത് നിലവിലുള്ള പദ്ധതിയുടെ ഭാഗമല്ലെന്നും ഫാക്ട് ഡെപ്യൂട്ടി ജനറൽ മാനേജർ (മാർക്കറ്റിംഗ്) രജനി മോഹൻ ദീപികയോടു പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ കർഷകരിൽ നിന്ന് വളത്തിന്റെ മുഴുവൻ തുകയും ഈടാക്കി സ്ബ്സിഡി പിന്നീട് നൽകുകയെന്നത് എളുപ്പമല്ല. യൂറിയ ടണ്ണിന് ഏകദേശം 5630 രൂപയ്ക്കാണ് കർഷകർക്ക് നൽകുന്നത്. എന്നാൽ നിർമാണ ചെലവ്് 25,000–30,000 രൂപയ്ക്ക് ഇടയിൽ വരും. അതുകൊണ്ടുതന്നെ സ്ബ്സിഡി പിന്നീട് നൽകുന്ന രീതി പ്രായോഗികമല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.

യൂറിയ, പൊട്ടാഷ്, അമോണിയം സൾഫേറ്റ് തുടങ്ങിയവയാണ് സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്. ജൈവവളമായ സിറ്റി കമ്പോസ്റ്റും ഇപ്പോൾ സബ്സിഡി നിരക്കിൽ നൽകുന്നുണ്ട്. അനാവശ്യമായ രാസവളം പ്രയോഗം തടയുന്നതിന് മണ്ണിനനുസരിച്ചുള്ള വളം വിതരണം ചെയ്യുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. 2012ലാണ് കേന്ദ്ര സർക്കാർ മൊബൈൽ ഫെർട്ടിലൈസർ മോണിറ്ററിംഗ് സിസ്റ്റം ആരംഭിച്ചത്.

വിതരണശൃംഖലകളെ ബന്ധിപ്പിച്ചായിരുന്നു പദ്ധതി. ഓരോ സ്‌ഥലത്തെയും വളത്തിന്റെ ആവശ്യകത മനസിലാക്കുന്നതിനായിരുന്നു സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ വിപുലീകരിച്ച രൂപമാണ് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ ഇൻ ഫെർട്ടിലൈസർ പദ്ധതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.