സ്വാശ്രയ കോളജ് ഫീസ്: യൂത്ത് കോൺഗ്രസ് നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്
Friday, September 23, 2016 12:45 PM IST
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ സമൂഹത്തിലെ സമ്പന്നർക്കൊപ്പമാണെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ. സാധാരണക്കാരായ വിദ്യാർഥികൾക്കു മെഡിക്കൽ പ്രവേശനം അസാധ്യമാക്കിയ കരാറാണ് എൽഡിഎഫ് സർക്കാർ നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

സ്വാശ്രയ കൊള്ളയ്ക്കു വഴിവെയ്ക്കുന്ന കരാർ സർക്കാർ പൊളിച്ചെഴുതണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസും സി.ആർ. മഹേഷും നാലു ദിവസമായി സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിവരുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് അഭിവാദ്യം അർപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് കൊണ്ടുവന്ന മെരിറ്റ് സീറ്റുകൾ ഇല്ലാതാക്കി, കുറഞ്ഞ ഫീസിൽ പഠിക്കാൻ വിദ്യാർഥികൾക്കുള്ള അവസരം നിഷേധിച്ചാണ് എൽഡിഎഫ് സ്വാശ്രയ കരാർ നടപ്പാക്കിയത്. വിദ്യാർഥികളോടല്ല സ്വാശ്രയ മാനേജ്മെന്റുകളോടാണ് സർക്കാരിനു കൂറെന്ന് സുധീകരൻ കുറ്റപ്പെടുത്തി. രാവിലെ മുതൽ നിരാഹാര സമരത്തിന് അഭിവാദ്യം അർപ്പിച്ച് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പാളയം മുതൽ സെക്രട്ടേറിയറ്റ് വരെ പ്രകടനങ്ങൾ നടന്നു. ബാരിക്കേഡ് തള്ളിമാറ്റി സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കയറാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ലാത്തിവീശി. വിവിധ ജില്ലകളിൽ നിന്നുള്ള കോൺഗ്രസ്, മഹിളാ കോൺഗ്രസ്, ഐഎൻടിയുസി നേതാക്കൾ സമരത്തിന് അഭിവാദ്യം അർപ്പിച്ച് ഇന്നലെ സമരപ്പന്തലിലെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.