പൗൾട്രി ഡീലർക്ക് 65 കോടിയുടെ നികുതിക്കു സ്റ്റേ : മാണിക്കെതിരേ വിജിലൻസ് എഫ്ഐആർ
പൗൾട്രി ഡീലർക്ക് 65 കോടിയുടെ നികുതിക്കു സ്റ്റേ : മാണിക്കെതിരേ വിജിലൻസ് എഫ്ഐആർ
Wednesday, August 31, 2016 12:45 PM IST
മൂവാറ്റുപുഴ: സ്വകാര്യ പൗൾട്രി ഡീലർ അടയ്ക്കാനുള്ള 65 കോടി രൂപയുടെ നികുതിക്കു സ്റ്റേ അനുവദിച്ചതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ചു മുൻ ധനമന്ത്രി കെ.എം. മാണിക്കെതിരായ പരാതിയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്ഐആർ സമർപ്പിച്ചു. അന്വേഷണത്തിൽ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്നാണു കേസ്. കെ.എം. മാണി ഉൾപ്പെടെ 12 പേരാണു പ്രതികൾ. കെ.എം. മാണിയാണ് ഒന്നാംപ്രതി.

രണ്ടുമുതൽ ഏഴുവരെ തോംസൺ പൗൾട്രി ഗ്രൂപ്പിന്റെ ചുമതലക്കാരും എട്ടാം പ്രതി കെ.എം. മാണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ജയചന്ദ്രനും ഒൻപതു മുതൽ 12 വരെ പ്രതികൾ വിവിധ ആയുർവേദ മരുന്നു കമ്പനികളുമാണ്.

ബിജെപി നേതാവ് അഡ്വ. നോബിൾ മാത്യുവാണു സംഭവത്തിൽ അഴിമതി ചൂണ്ടിക്കാട്ടി തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കു പരാതി നൽകിയിരുന്നത്. പരാതിയുടെ അടിസ്‌ഥാനത്തിൽ എറണാകുളം സെൻട്രൽ റേഞ്ച് വിജിലൻസ് ആൻഡ് കറപ്ഷൻ ബ്യൂറോ എസ്പിയോട് അന്വേഷണം നടത്താൻ നിർദേശിച്ചിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തെ തുടർന്നാണു വിജിലൻസിനു വേണ്ടി ഡിവൈഎസ്പി ഫിറോസ് എം. ഷെഫീക്ക് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്നലെ എഫ്ഐആർ സമർപ്പിച്ചത്.


കോഴിക്കച്ചവടക്കാർ സുപ്രീംകോടതിവരെ പോയിട്ടും *ഒഴിവാക്കിക്കിട്ടാതിരുന്ന പിഴനികുതി കെ.എം. മാണി സ്വന്തംനിലയിൽ അധികാരദുർവിനിയോഗം നടത്തി ഒഴിവാക്കിക്കൊടുത്തുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. തൃശൂർ ആസ്‌ഥാനമായുള്ള തോംസൺ പൗൾട്രി ഡീലേഴ്സിനെ സഹായിക്കുന്നതിനായി എറണാകുളം ഡപ്യൂട്ടി കമ്മീഷണറെ സ്‌ഥലം മാറ്റിയത് അഴിമതി നടത്താനാണെന്നും എഫ്ഐആറിൽ സൂചിപ്പിക്കുന്നു.

തോംസൺ ഗ്രൂപ്പിന് അനുകൂലമായി ഉത്തരവുണ്ടാകാൻ കെ.എം. മാണിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രമിച്ചു. ഇതിനുപുറമെ ആയുർവേദ സൗന്ദര്യവർധക വസ്തുക്കളുടെ ഉത്പാദകർക്കു 12.5 ശതമാനമുണ്ടായിരുന്ന നികുതി മുൻകാല പ്രാബല്യത്തോടെ നാലു ശതമാനമാക്കി കുറച്ചതും വാണിജ്യനികുതി വകുപ്പിന്റെ നിർദേശത്തെ മറികടന്നാണെന്നും വിജിലൻസ് പ്രഥമവിവര റിപ്പോർട്ടിൽ പറയുന്നു.

കെ.എം. മാണിയുടെ നടപടി ഖജനാവിനു വലിയ നഷ്ടമുണ്ടാക്കി. പ്രഥമദൃഷ്‌ട്യാ തെളിവുള്ളതിനാലും ഇത്തരത്തിലുള്ള സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കേസെടുക്കണമെന്നുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുമാണു കേസെടുത്തിരിക്കുന്നതെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.