സിഡ്കോ മുൻ എംഡിയുടെ വസതികളിൽ വിജിലൻസ് റെയ്ഡ്
Wednesday, August 31, 2016 12:26 PM IST
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ സിഡ്കോ മുൻ എംഡി സജി ബഷീറിന്റെ വസതികളിൽ വിജിലൻസ് റെയ്ഡ്. സജി ബഷീറിന്റെ തിരുവനന്തപുരത്തെ വസതി, അദ്ദേഹത്തിന്റെ ഭാര്യ വീട്, വട്ടിയൂർക്കാവിലെ ഫ്ളാറ്റ്, കുളത്തൂപ്പുഴയിലെ കുടുംബവീട് എന്നിവിടങ്ങളിൽ ഒരേ സമയമായിരുന്നു വിജിലൻസ് പരിശോധന. ഇന്നലെ രാവിലെ ഏഴരയ്ക്ക് ആരംഭിച്ച റെയ്ഡ് വൈകുന്നേരം വരെ നീണ്ടു നിന്നു.

വിജിലൻസിന്റെ നാലു സംഘമാണ് ഒരേസമയം വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ ബാങ്ക് പാസ് ബുക്കുകൾ ഉൾപ്പെടെയുള്ള പല രേഖകളും വിജിലൻസ് സംഘം പിടിച്ചെടുത്തു. വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നിർദേശാനുസരണം സ്പെഷൽ സെൽ എസ്പി രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണു റെയ്ഡിനു നേതൃത്വം നൽകിയത്. പൊതുമേഖല സ്‌ഥാപനങ്ങളുടെ എംഡിയായിരിക്കെ സജീ ബഷീർ വരവിൽ കവിഞ്ഞരീതിയിൽ 23 ലക്ഷത്തിൽപ്പരം രൂപ അനധികൃതമായി സമ്പാദിച്ചെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. സജി ബഷീറിനെതിരേ വിജിലൻസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. തുടർന്നാണ് ഇന്നലെ റെയ്ഡ് നടന്നത്.


കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പല പൊതുമേഖല സ്‌ഥാപനങ്ങളുടെയും ഉന്നത സ്‌ഥാനങ്ങളിൽ സജി ബഷീർ പ്രവർത്തിച്ചിരുന്നു. നേരത്തെ ഇദ്ദേഹത്തിനെതിരേ സമാനമായ പല ആരോപണങ്ങളും ഉയർന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.