ഐഎസ്എസ് യോഗം; ആറുപേരെ വെറുതെവിട്ടു
Wednesday, August 31, 2016 12:26 PM IST
കൊച്ചി: നിരോധിത സംഘടനയായ ഐഎസ്എസിന്റെ പേരിൽ രഹസ്യയോഗം ചേർന്നെന്ന കേസിൽ ആറു പ്രതികളെ കോടതി വെറുതെവിട്ടു. വിചാരണ നേരിട്ട തിരുവനന്തപുരം പാങ്ങോട് പാറയിൽ വീട്ടിൽ അബ്ദുള്ള, കാട്ടൂർ കടുങ്ങാട്ടുപറമ്പിൽ അബ്ദുൾ നാസിർ, കുറ്റിപ്പുറം പാനപ്പൂർ പഴയകത്തിൽ മൂസ, കാടൂർ കറമച്ചിറ മംഗലത്തുറയിൽ സലിം, പെരുമ്പാവൂർ വാഴക്കുളം എറാത്ത് വീട്ടിൽ അബ്ദുൾ റഹ്മാൻ, അബ്ദുൾ നാസർ മഅദനിയുടെ പിതാവ് അബ്ദുൾ സമദ് എന്നിവരെയാണ് എറണാകുളം അഡീഷണൽ സെഷൻസ് ജഡ്ജി കെ.എം.ബാലചന്ദ്രൻ വെറുതെവിട്ടത്.

അബ്ദുൾ നാസർ മഅദനിയെ ഹാജരാക്കാൻ കഴിയാത്തതിനാൽ അദ്ദേഹത്തിന്റെ വിചാരണ പിന്നീടാവും നടക്കുക. കേസിലെ 11 പ്രതികൾ ഇപ്പോഴും ഒളിവിലാണ്.


1992 ഡിസംബർ 13ന് കൊല്ലം ജില്ലയിലെ അൻവാർശേരിയിൽ മഅദനിയും മറ്റു 17പേരും ഐഎസ്എസിന്റെ പേരിൽ യോഗം ചേർന്നെന്ന് ആരോപിച്ചാണു ശാസ്താംകോട്ട പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

രഹസ്യയോഗ സ്‌ഥലത്തുനിന്നു കൈത്തോക്ക്, തിരകൾ, 1.4 കിലോഗ്രാം വെടിമരുന്ന്, ലാത്തി, മെറ്റൽ ഡിറ്റക്ടർ, ഐഎസ്എസ് നോട്ടീസുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു. ഏഴുപേരെ സാക്ഷികളായി വിസ്തരിക്കുകയും 10 തൊണ്ടി മുതലുകളും 18 രേഖകളും പ്രോസിക്യൂഷൻ ഹാജരാക്കുകയും ചെയ്തെങ്കിലും പ്രതികൾക്കെതിരായ കുറ്റകൃത്യം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. ഇതേത്തുടർന്നാണ് കോടതി പ്രതികളെ വിട്ടയച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.