കുമ്മനോട് പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ; രണ്ടു കോടിയുടെ നഷ്‌ടം
കുമ്മനോട് പ്ലൈവുഡ് കമ്പനിയിൽ വൻ അഗ്നിബാധ; രണ്ടു കോടിയുടെ നഷ്‌ടം
Wednesday, August 31, 2016 12:12 PM IST
കിഴക്കമ്പലം: പട്ടിമറ്റം കുമ്മനോട് പ്ലൈവുഡ് ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ കമ്പനി പൂർണമായും കത്തിനശിച്ചു. രണ്ടു കോടിയിലേറെ രൂപയുടെ നഷ്‌ടമാണ് കണക്കാക്കുന്നത്. ബോയ്ലറും സ്റ്റോക്കിംഗ് യാർഡും കമ്പനിയിൽ സൂക്ഷിച്ചിരുന്ന അസംസ്കൃത വസ്തുക്കളും പൂർണമായും കത്തിയമർന്നു. കുമ്മനോട് ഭണ്ഡാരക്കവല നാലു സെന്റ് കോളനിക്കുള്ളിൽ സ്‌ഥിതി ചെയ്യുന്ന കമ്പനിയാണു കത്തി നശിച്ചത്. ഇന്നലെ പുലർച്ചെ നാലിനായിരുന്നു സംഭവം.

കമ്പനിയിൽ സൂക്ഷിച്ചിരുന്ന വെനീർ എന്ന അസംസ്കൃത വസ്തുവിനാണ് ആദ്യം തീപിടിച്ചത്. നിമിഷങ്ങൾക്കകം അഗ്നി മറ്റു വസ്തുക്കളിലേക്കു വ്യാപിക്കുകയായിരുന്നു. കമ്പനിയോടു ചേർന്ന് ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികളാണു തീ പടരുന്നത് ആദ്യം കണ്ടത്. ഉടൻ സമീപത്തുള്ള നാട്ടുകാരെയും തുടർന്നു പട്ടിമറ്റം ഫയർഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു.


പട്ടിമറ്റം യൂണിറ്റിൽനിന്ന് ഒരു ഫയർ എൻജിൻ എത്തിയെങ്കിലും തീയണയ്ക്കാനായില്ല. തുടർന്ന് ആലുവ, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്നു കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണു തീയണച്ചത്. പ്ലൈവുഡ് ഉണക്കുന്ന ബോയിലിംഗ് യൂണിറ്റിൽനിന്നുള്ള ചൂടോ ഷോർട്ട് സർക്യൂട്ടോ ആകാം തീപിടിത്തത്തിനു കാരണമെന്നാണു പ്രാഥമിക നിഗമനം.

ജനവാസ കേന്ദ്രമായ നാലുസെന്റ് കോളനിക്കുള്ളിലെ നാലര ഏക്കറോളം സ്‌ഥലത്താണു കമ്പനി പ്രവർത്തിക്കുന്നത്. കമ്പനിയിൽനിന്നു തീ സമീപത്തെ വീടുകളിലേക്കു വ്യാപിക്കാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.