ഫ്ളവേഴ്സ് എക്സ്പോ നാളെ മുതൽ കോട്ടയത്ത്
Wednesday, August 31, 2016 12:12 PM IST
കോട്ടയം: ഫ്ളവേഴ്സ് എക്സ്പോ നാളെ മുതൽ കോട്ടയം നാഗമ്പടം മൈതാനത്തിൽ തുടങ്ങും. ഇതിനായി പതിനായിരം ചതുരശ്ര അടിയുള്ള വേദി തയാറായിക്കഴിഞ്ഞു. പ്രദർശന നഗരിയിൽ വമ്പൻ കമ്പനികൾ ഉപഭോക്‌താക്കൾക്കായി അവരുടെ ഉത്പന്നങ്ങൾ എത്തിക്കും. ഗൃഹോപകരണങ്ങൾ മുതൽ നിത്യോപയോഗ സാധനങ്ങൾ വരെ ഇവിടെയുണ്ടാകും.

അപൂർവയിനം പക്ഷികളുടെയും ശ്വാനന്മാരുടെയും പ്രദർശനവും എക്സ്പോ നഗരിയിൽ ഉണ്ടാകും. ആഫ്രിക്ക, ആമസോൺ ഉൾപ്പെടെയുള്ള ലോകോത്തര നിലവാരത്തിലെ പക്ഷികളുടെ നൂറിലധികം ഇനങ്ങൾ പ്രദർശിപ്പിക്കും. അലങ്കാരപക്ഷികൾ, ഹാംസ്റ്റർ, ഷുഗർ ഗ്ലൈഡർ, ഗുൾഡിയൻ ഫിഞ്ച് അടക്കമുള്ള അപൂർവ പക്ഷികളും പ്രദർശന നഗരിയിലുണ്ടാകും.

ശ്വാന പ്രദർശനത്തിൽ ലോകോത്തര നിലവാരത്തിലുള്ള ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധയിനം അലങ്കാര മത്സ്യങ്ങളുടെ പ്രദർശനവുമുണ്ട്. വാഹന പ്രേമികൾക്കായി മോട്ടോർ വിഭാഗവും സജ്‌ജമാണ്.


കുട്ടികൾക്കായുള്ള നിരവധി റയ്ഡുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അമ്യൂസ്മെന്റ് പാർക്ക് ഫ്ളവേഴ്സ് എക്സ്പോയുടെ മുഖ്യ ആകർഷണമാകും. സിനിമാടെലിവിഷൻ താരങ്ങൾ, ഗായകർ തുടങ്ങിയവരുടെ പ്രകടനങ്ങൾ എല്ലാ ദിവസവുമുണ്ടാകും. ഫ്ളവേഴ്സ് ചാനലിന്റെ ജനകീയ പരിപാടികളുടെ ഇവിടെ നിന്നുള്ള ചിത്രീകരണം എക്സ്പോയുടെ മറ്റൊരു ആകർഷണം ആകും.

കാരുണ്യത്തിന്റെ ആൾരൂപമായ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന സെപ്റ്റംബർ നാലിന് ആഘോഷ നഗരിയിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കും. ദീപികയുമായി ചേർന്നാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.