തെരുവുനായ് ശല്യം: ഭീമഹർജിയിൽ ജോമിയുടെ കൈയൊപ്പും
തെരുവുനായ് ശല്യം: ഭീമഹർജിയിൽ ജോമിയുടെ കൈയൊപ്പും
Wednesday, August 31, 2016 12:12 PM IST
ആലുവ: കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായ് ശല്യത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തിൽ പ്രധാനമന്ത്രിക്കു സമർപ്പിക്കുന്ന 50 ലക്ഷംപേരുടെ ഒപ്പുകളിൽ ജോമി ഷൈമോന്റെ കൈയൊപ്പും. തെരുവുനായ് കൂട്ടത്തിന്റെ ആക്രമണത്തിൽ ഓട്ടോമറിഞ്ഞു വൃക്ക തകർന്ന ഡ്രൈവർ കെ.വി. ഷൈമോന്റെ ഭാര്യയാണു ജോമി. എറണാകുളം ലൂർദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയുകയാണു പിറവം സ്വദേശിയായ ഷൈമോൻ.

ജനസേവ ശിശുഭവൻ ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ഒപ്പുശേഖരണയജ്‌ഞത്തിനിടെയാണു ഷൈമോന്റെ ഭാര്യ ജോമി ഹൃദയവേദനയോടെ കൈയൊപ്പിട്ടത്. സഹോദരൻ സിജിനോടൊപ്പമാണു ജോമി ഒപ്പുശേഖരണ പരിപാടിയിൽ പങ്കെടുത്തത്. ആശുപത്രിയിലെ രോഗികളും നഴ്സുമാരും സന്ദർശകരും ആശുപത്രി പരിസരത്തുള്ള ഓട്ടോ–ടാക്സി ഡ്രൈവർമാരുമടക്കം നൂറുകണക്കിനാളുകൾ ഭീമഹർജിയിൽ ഒപ്പിട്ടു തങ്ങളുടെ പ്രതിഷേധമറിയിച്ചു.

ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, ക്യാപ്റ്റൻ എസ്.കെ. നായർ, പീറ്റർ താന്നിപ്പിള്ളി, ആന്റണി പച്ചാളം എന്നിവർ നേതൃത്വം നൽകി. തെരുവുനായ് വിമുക്‌തകേരളം എന്ന ലക്ഷ്യത്തിനായാണു പ്രധാനമന്ത്രിക്കു ഭീമഹർജി സമർപ്പിക്കുന്നതെന്നു ജോസ് മാവേലി പറഞ്ഞു.


കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ഷൈമോന്റെ മുഴുവൻ ചികത്സാചെലവിനും പുറമെ സ്കൂൾ വിദ്യാർഥികൾ അടങ്ങുന്ന കുടുംബത്തിനു സർക്കാരിൽനിന്ന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ഷൈമോന്റെ (41) ആരോഗ്യസ്‌ഥിതിയിൽ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ പറഞ്ഞു. മരുന്നുകളോടു ഷൈമോന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ചികിത്സയിൽ കഴിയുന്ന ഷൈമോനെ കെ.വി. തോമസ് എംപി സന്ദർശിച്ചു. ഷൈമോന്റെ ചികിത്സക്കായി 10,000 രൂപ അദ്ദേഹം ആശുപത്രി അധികൃതർക്കു കൈമാറി.

ലൂർദ് ആശുപത്രി ഡയറക്ടർ ഫാ.സാബു നെടുനിലത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാ.വിപിൻ ചൂതംപറമ്പിൽ എന്നിവർ ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞദിവസം അനൂപ് ജേക്കബ് എംഎൽഎ ഷൈമോനെ സന്ദർശിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.