കാരുണ്യ സംസ്കാരം മാതൃകാപരം: മാർ താഴത്ത്
കാരുണ്യ സംസ്കാരം മാതൃകാപരം: മാർ താഴത്ത്
Wednesday, August 31, 2016 11:57 AM IST
കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന്റെ കാരുണ്യസംസ്കാരം ഇന്ത്യയിലെ ഇതരസംസ്‌ഥാനങ്ങൾക്കു മാതൃകാപരമാണെന്നു സിബിസിഐ വൈസ് പ്രസിഡന്റും തൃശൂർ അതിരൂപത മെത്രാപ്പോലീത്തയുമായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. ഒളരി സെന്റ് ക്രിസ്റ്റീനഹോമിൽ നടന്ന സമ്മേളനത്തിൽ കാരുണ്യ കേരള സന്ദേശയാത്രയുടെ ഭാഗമായി കാരുണ്യസംഗമം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു ആർച്ച്ബിഷപ്.

നാനാജാതി മതവിശ്വാസികളായ മനുഷ്യർ, തങ്ങളുടെ അയൽക്കാരെയും അഗതികളെയും സ്നേഹിക്കാനും ആവശ്യമായ സഹായസഹകരണങ്ങൾ എത്തിക്കാനും പരിശ്രമിക്കുന്നു. തൃശൂർ അതിരൂപത ജീവന്റെ സംരക്ഷണത്തിനും കാരുണ്യപ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യമാണു നൽകുന്നതെന്നു വിവിധ പ്രസ്‌ഥാനങ്ങളുടെ പ്രവർത്തനം വിശദീകരിച്ച് അദ്ദേഹം വ്യക്‌തമാക്കി. കെസിബിസി പ്രോ–ലൈഫ് സമിതി ഡയറക്ടർ ഫാ. പോൾ മാടശേരി അധ്യക്ഷത വഹിച്ചു. നൂറോളം പ്രസ്‌ഥാനങ്ങളെ ആദരിച്ചു.


പ്രോ–ലൈഫ് സമിതി പ്രസിഡന്റ് ജോർജ് എഫ്. സേവ്യർ, ജനറൽ സെക്രട്ടറി സാബുജോസ്, ഫാ. ഡെന്നി താന്നിക്കൽ, ഫാ. ഡേവിസ് ചിറമേൽ, ഫാ. വർഗീസ് കരിപ്പേരി, ജയിംസ് ആഴ്ചങ്ങാടൻ, പി.ഐ. ലാസർ, എ.ഡി. ഷാജു, അഡ്വ. ജോസി സേവ്യർ, സിസ്റ്റർ മേരി ജോർജ്, മാർട്ടിൻ ന്യൂനസ്, സെലസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ ഇരിഞ്ഞാലക്കുട, പാലക്കാട് കോഴിക്കോട്, താമരശേരി, മാനന്തവാടി, കണ്ണൂർ ബത്തേരി, തലശേരി രൂപതകളിൽ കാരുണ്യകേരള സന്ദേശയാത്ര പര്യടനം നടത്തും. ദൈവത്തിന്റെ മുഖം സ്നേഹവും കരങ്ങൾ കാരുണ്യവുമാണ് എന്നതാണു യാത്രയുടെ സന്ദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.