വിദ്യാഭ്യാസ മുന്നേറ്റത്തിൽ ക്രൈസ്തവ സഭയുടെ സംഭാവനകൾ നിസ്തുലം: ഉപരാഷ്ട്രപതി
വിദ്യാഭ്യാസ മുന്നേറ്റത്തിൽ ക്രൈസ്തവ സഭയുടെ സംഭാവനകൾ നിസ്തുലം: ഉപരാഷ്ട്രപതി
Wednesday, August 31, 2016 11:57 AM IST
കൊച്ചി: കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സാമൂഹിക മുന്നേറ്റമാക്കി മാറ്റുന്നതിൽ ക്രൈസ്തവ സഭയുടെ സംഭാവനകൾ നിസ്തുലമാണെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി.

പ്രഫ.കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെയും മറ്റു സാമൂഹിക സാമ്പത്തിക മേഖലകളിലെയും മുന്നേറ്റം ഈ നാടിന്റെ ബൗദ്ധിക ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു.

പിന്നോക്കാവസ്‌ഥയ്ക്കും അസമത്വങ്ങൾക്കും ജാതീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കും ഒക്കെ എതിരായി കേരളത്തിലുണ്ടായ മുന്നേറ്റം ശ്രദ്ധേയമാണ്.

വിദ്യാഭ്യാസത്തിന്റെ വ്യാപനത്തിലൂടെയാണു സാമൂഹിക അസമത്വങ്ങളെ നേരിടാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ മതനേതാക്കൾക്കും മറ്റുമുള്ള പങ്ക് എടുത്തു പറയേണ്ടതുമുണ്ട്.


ക്രൈസ്തവ സഭയും ശ്രീനാരായണ ഗുരുവിനെപോലുള്ള നവോത്ഥാന നേതാക്കളും നായർ സർവീസ് സൊസൈറ്റിയും മുസ്ലിം എഡ്യൂക്കേഷണൽ സൊസൈറ്റിയുമടക്കമുള്ള സംഘടനകളും ഇക്കാര്യത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

എല്ലാ കേരളീയർക്കും മൂല്യവത്തായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നുവെന്നതു സന്തോഷകരമാണ്. ഇപ്പോൾ നാം സ്വീകരിക്കുന്ന ഓരോ നല്ല നടപടിക്കും വരുംകാലത്തു ഗുണാത്മകമായ ഫലം നൽകാൻ കഴിയും. കേരളം തുടർന്നും രാജ്യത്തെ മറ്റു സംസ്‌ഥാനങ്ങൾക്കാകെ മാതൃകയാകുന്ന മനുഷ്യവികസന മാതൃകയായി പ്രോജ്വലിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.