സർക്കാരിനെതിരേ കെപിസിസി പ്രസിഡന്റിന്റെ കുറ്റപത്രം
സർക്കാരിനെതിരേ  കെപിസിസി പ്രസിഡന്റിന്റെ  കുറ്റപത്രം
Wednesday, August 31, 2016 11:38 AM IST
തിരുവനന്തപുരം: നൂറു ദിനമെന്നതു ഒരു സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഹ്രസ്വകാലമാണെങ്കിലും പിണറായി വിജയന്റേതു ദിശാബോധം നഷ്‌ടപ്പെട്ട സർക്കാരാണെന്നു കെപിസിസി പ്രസിഡന്റ്് വി.എം. സുധീരൻ. പിണറായി വിജയൻ മുഖ്യമന്ത്രി സ്‌ഥാനം ഏറ്റെടുക്കുമ്പോൾ ജനങ്ങൾക്കു നൽകിയ പ്രതീക്ഷകൾ വലുതായിരുന്നു.

എല്ലാവർക്കും നീതി ഉറപ്പാക്കുമെന്നു പറഞ്ഞ മുഖ്യമന്ത്രിയും പാർട്ടിയും ഭരണത്തിന്റെ നൂറു ദിനം പിന്നിടുമ്പോൾ കമ്യൂണിസം കൈവിട്ടു ക്രിമിനലിസം സ്വീകരിച്ചിരിക്കുകയാണ്. ആഭ്യന്തര വകുപ്പു കൈാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പോലീസിൻ കീഴിൽ സിപിഎം പ്രവർത്തകർക്കു പോലും നീതി ലഭിക്കുന്നില്ല. സർക്കാർ ഉദ്യോഗസ്‌ഥരെ വിരട്ടി ഭരിക്കാൻ നോക്കുകയാണു മുഖ്യമന്ത്രിയെന്നും എകെജി സെന്റർ സമാന്തര സർക്കാരായി പ്രവർത്തിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി.


മാധ്യമ സ്വാതന്ത്ര്യത്തിനു നേരേ വെല്ലുവിളിയുയർന്ന കാലം ഇതിനുമുമ്പുണ്ടായിട്ടില്ല. സർക്കാർ തീരുമാനങ്ങൾ ജനങ്ങളിൽനിന്ന് ഒളിച്ചുവയ്ക്കുകയാണ്. ഇതിലൂടെ വിവരാവകാശ നിയമം പോലും സർക്കാർ അട്ടിമറിക്കുകയാണ്. ഭരണം നൂറു ദിനം പിന്നിടുമ്പോൾ ഇടതുമുന്നണയിലെ ഐക്യം നഷ്‌ടപ്പെടുന്ന അവസ്‌ഥയാണ്. സിപിഎമ്മും സിപിഐയും തമ്മിലുള്ള തർക്കം കൂടിവരികയാണ്. ഭരണത്തിൻ കീഴിൽ സിപിഎം പ്രവർത്തകർ വിനയാന്വിതരായിരിക്കണമെന്നും ബദൽ അധികാര കേന്ദ്രങ്ങൾ ഉണ്ടാകാൻ പാടില്ലെന്നുമാണു സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. പോലീസ് സേനയെ രാഷ്ട്രീയവത്കരിച്ചതോടെ ജനങ്ങൾക്കു പോലീസിൽ നിന്നും നീതി ലഭിക്കുന്നില്ല. നീതി നടപ്പിലാക്കേണ്ട പോലീസ് പരാതിക്കാരെ തല്ലിച്ചതയ്ക്കുകയാണ്. ലോക്കപ്പ് മർദ്ദനം തന്നെ ഈ നൂറു ദിവസത്തിനിടയിൽ ഉണ്ടായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.