ആറന്മുള വിമാനത്താവളം അനുമതി ഉടൻ പിൻവലിക്കുമെന്നു സർക്കാർ
Wednesday, August 31, 2016 11:38 AM IST
കൊച്ചി: ആറന്മുളയിലെ വിമാനത്താവള നിർമാണത്തിനു നൽകിയ അനുമതി ഉടൻ പിൻവലിക്കുമെന്നു സംസ്‌ഥാന സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിമാനത്താവളത്തിനായി ഏറ്റെടുത്ത സ്‌ഥലം വ്യാവസായിക മേഖലയായി പ്രഖ്യാപിച്ചു നേരത്തെ ഇറക്കിയ വിജ്‌ഞാപനം റദ്ദാക്കാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്നും ഇതിന്മേൽ നടപടി തുടങ്ങിക്കഴിഞ്ഞെന്നും വ്യവസായ വകുപ്പ് അണ്ടർ സെക്രട്ടറി പി.ടി. ജോയ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്‌തമാക്കി.

ആറന്മുള വിമാനത്താവള പദ്ധതിക്കു തത്ത്വത്തിൽ നൽകിയ അംഗീകാരം റദ്ദാക്കേണ്ടതുണ്ടോയെന്നു പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മന്ത്രിസഭായോഗ തീരുമാനമനുസരിച്ചാണു പദ്ധതിക്കു സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയത്. ഇതു റദ്ദാക്കുന്നതിനു മന്ത്രിസഭായോഗം വിഷയം വീണ്ടും പരിഗണിക്കേണ്ടതുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ആറന്മുളയിലെ വിമാനത്താവള നിർമാണത്തിനായി ഏറ്റെടുത്ത ഭൂമി വ്യവസായ മേഖലയായി വിജ്‌ഞാപനം ചെയ്തതിനെതിരേയും പദ്ധതിക്കു സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയതിനെതിരേയും കവയത്രി സുഗതകുമാരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയിലാണു സർക്കാർ ഇക്കാര്യം ബോധിപ്പിച്ചത്.


ആറന്മുള, മല്ലപ്പുഴശേരി, കിടങ്ങന്നൂർ വില്ലേജുകളിലായി അഞ്ഞൂറോളം ഏക്കർ സ്‌ഥലമാണു വ്യവസായമേഖലയായി വിജ്‌ഞാപനം ചെയ്തത്. ഇതിനുപുറമേ നിലവിലുള്ള നിയമങ്ങൾക്കും വ്യവസ്‌ഥകൾക്കും വിധേയമായാണു പദ്ധതിക്കു സർക്കാർ തത്ത്വത്തിൽ അംഗീകാരം നൽകിയത്.

എന്നാൽ പത്തനംതിട്ട ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ പദ്ധതിക്കായി ഭൂമി വാങ്ങിയതിലും നികത്തിയതിലും നിയമവ്യവസ്‌ഥകൾ ലംഘിച്ചതായി പറയുന്നുണ്ട്. മിച്ചഭൂമി പ്രശ്നവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നെൽവയൽ–തണ്ണീർത്തട പ്രദേശങ്ങളും പദ്ധതിക്കായി നികത്തേണ്ടി വരും. സ്വകാര്യ കമ്പനിക്കു വേണ്ടി ഇത്തരത്തിൽ നെൽവയൽ–തണ്ണീർത്തട പ്രദേശങ്ങൾ നിയമപരമായി ഉപയോഗിക്കാനാവില്ല.

പദ്ധതിക്കായി നൽകിയ പാരിസ്‌ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണൽ റദ്ദാക്കിയതു സുപ്രീം കോടതി ശരിവച്ച സാഹചര്യം കൂടി കണക്കിലെടുത്താണു പദ്ധതി പ്രദേശം വ്യവസായ മേഖലയെന്നു വിജ്‌ഞാപനം ചെയ്ത നടപടി റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചതെന്നും ഇതു സംബന്ധിച്ച ഫയലുകൾ നിയമവകുപ്പിന്റെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.