അട്ടപ്പാടി അണക്കെട്ടിനു തടയിടാൻ തമിഴ്നാട് പടയൊരുക്കം തുടങ്ങി
Wednesday, August 31, 2016 11:38 AM IST
അഗളി: അട്ടപ്പാടി അണക്കെട്ടിനായുള്ള പാരിസ്‌ഥിതിക പഠനത്തിനു കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം കഴിഞ്ഞദിവസം അനുമതി നല്കിയതറിഞ്ഞതോടെ തമിഴ്നാട് എതിർപ്പുകളുമായി രംഗത്തെത്താൻ തുടങ്ങി. കഴിഞ്ഞ ദിവസം ഡിഎംകെ നേതാക്കൾ പദ്ധതിപ്രദേശത്തു നിരീക്ഷണം നടത്തി മടങ്ങി.

അണക്കെട്ടു നിർമാണത്തിനുള്ള കേരളത്തിന്റെ ശ്രമം തടയണമെന്നാവശ്യപ്പെട്ടു സെപ്റ്റംബർ 30ന് കോയമ്പത്തൂരിൽ പ്രക്ഷോഭത്തിനു ഡിഎംകെ ആഹ്വാനം ചെയ്തിരിക്കുകയാണ്.ശിരുവാണിപ്പുഴയ്ക്കു കുറുകേ അട്ടപ്പാടി വെങ്കക്കടവ് പ്രദേശമാണ് അണക്കെട്ടിന്റെ നിർദിഷ്‌ട മേഖല. അണക്കെട്ടുണ്ടായാൽ തമിഴ്നാട്ടിലേക്കുള്ള നീരൊഴുക്കു കുറയുമെന്നുള്ള ആശങ്കയാണ് തമിഴ്നാടിനുള്ളത്. 1958 കാലഘട്ടത്തിലാണ് ജലസേചനപദ്ധതിക്കായി ഡാം നിർമാണത്തെക്കുറിച്ച് ആലോചന തുടങ്ങിയത്.

1971ൽ പദ്ധതി റിപ്പോർട്ടിൽ അണക്കെട്ടിന്റെ അടങ്കൽ തുക 4.76 കോടിയായിരുന്നു. 45 വർഷം പിന്നിട്ട അട്ടപ്പാടിവാലി ഇറിഗേഷൻ പദ്ധതി ഇന്നും അനിശ്ചിതത്വത്തിൽ തുടരുകയാണ്. നിലവിൽ പദ്ധതി പൂർത്തീകരിക്കാൻ ആയിരം കോടിയിലധികം വേണ്ടിവരുമത്രേ. 442 മീറ്റർ നീളവും 51.50 മീറ്റർ പൊക്കവും വിഭാവനം ചെയ്ത അണക്കെട്ടിന് 65 എംഎം ശേഷിയുണ്ട്. 4900 ഹെക്ടർ ഭൂമിയാണ് ആയക്കെട്ടു പ്രദേശം. അണക്കെട്ടിൽനിന്നും ഗ്രാവിറ്റി അടിസ്‌ഥാനത്തിലാണ് ഇറിഗേഷൻ വിഭാവനം ചെയ്തത്.


കാവേരിയുടെ പോഷകനദിയായ ഭവാനിയിൽനിന്ന് ആറു ടിഎംസി ജലം ഉപയോഗപ്പെടുത്താൻ കേരളത്തിന് അനുമതിയുണ്ട്. ഇതുപ്രകാരം ഭവാനിയുടെ കൈവഴിയായ ശിരുവാണിപ്പുഴയിൽ അണക്കെട്ട് നിർമിച്ചാൽത്തന്നെ 2.29 ടിഎംസി ജലം ഉപയോഗിക്കാനേ സാധ്യമാകൂവെന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പറയുന്നു.

കാവേരി ട്രൈബ്യൂണൽ വിധിപ്രകാരം വെള്ളം കേരളത്തിന് ഉപയോഗിക്കാൻ ഈ അണക്കെട്ടിലൂടെ മാത്രമേ സാധ്യമാകൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വരൾച്ചബാധിത മേഖലയായി മാറുന്ന കിഴക്കൻ അട്ടപ്പാടിയെ രക്ഷിക്കാൻ ഡാം പൂർത്തീകരിക്കുക മാത്രമാണ് ഏക പോംവഴി.

ആയിരക്കണക്കിന് ഏക്കർ ഭൂമിയാണ് കിഴക്കൻ അട്ടപ്പാടിയിൽ തരിശായി കിടക്കുന്നത്. നിരവധി ആദിവാസിസങ്കേത– ങ്ങളും കുടിവെള്ളമില്ലാതെ അലയുന്നു. കോട്ടത്തറ, മട്ടത്തുകാട്, ആനക്കട്ടി, മരപ്പാലം തുടങ്ങി അണക്കെട്ടിലെ വെള്ളമെത്തുന്ന പ്രദേശങ്ങളിലെല്ലാം അധികവും തമിഴ് കർഷകരാണുള്ളത്.

അണക്കെട്ടിലെ വെള്ളം ഏതൊക്കെ പ്രദേശങ്ങളിലെത്തുന്നുണ്ടെന്നുള്ള വ്യക്‌തതയില്ലായ്മയാണ് അണക്കെട്ടിനെതിരേ തമിഴ്നാട് ശബ്ദമുയർത്താൻ കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.