ഡിസിഎൽ ബാലരംഗം
Wednesday, August 31, 2016 11:26 AM IST
<ആ>കൊച്ചേട്ടന്റെ കത്ത് / പേപ്പട്ടി കടിച്ച ഇന്ത്യ...!

സ്നേഹമുള്ള ഡിസിഎൽ കുടുംബാംഗങ്ങളേ,

കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതും കേട്ടതും വായിച്ചതുമായ വാർത്തകൾ സാമാന്യ മനസാക്ഷിയുള്ള ആരുടെയും ഉറക്കം കെടുത്തുന്നതാണ്. കേരളത്തിൽ പൊതുനിരത്തുകളിലും വീട്ടുമുറ്റങ്ങളിലും സാധാരണക്കാർക്ക് സഞ്ചരിക്കാൻ കഴിയാതെ വരുന്നു. കാരണം തെരുവുനായകളുടെ ശല്യംതന്നെ! അപകടകാരികളായ തെരുവുനായകളുടെ ഉപദ്രവംമൂലം കടിയേറ്റു മുറിഞ്ഞ മുഖവും ശരീരവുമായി ആബാലവൃദ്ധം ജനങ്ങളും വേദനിക്കുന്ന ഒരു നാടായി കേരളം മാറുന്നു. ഓണത്തിനു വരുന്ന മഹാബലിയെപ്പോലും പട്ടിയോടിക്കുന്നതായുള്ള കാർട്ടൂണുകൾ വ്യാപകമാകുന്നു...

തെരുവുനായകളെ കൊല്ലണമെന്നും മനുഷ്യരെ രക്ഷിക്കണമെന്നുമുള്ള സമൂഹത്തിന്റെ സുപ്രധാന ആവശ്യമുയർത്തുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും തിരുവനന്തപുരം കളക്ടർ ബിജു പ്രഭാകറും മറ്റും ഒരു വശത്തു വാദിക്കുമ്പോൾ, തെരുവുനായയെ കൊല്ലരുതെന്നും സംരക്ഷിക്കണമെന്നും വാദിക്കുന്ന മേനകാ ഗാന്ധിയുൾപ്പെടെയുള്ള കുറെ മൃഗസ്നേഹികൾ മറുവശത്ത്, നായകൾക്കുവേണ്ടി വാലാട്ടുന്നു!

തെരുവുനായകളുടെ കടിയേറ്റു മരിച്ച സ്ത്രീയുടെ കൈയിൽ മാംസം ഉണ്ടായിരുന്നേക്കാം എന്നുള്ള മേനകാഗാന്ധിയുടെ വാക്കുകൾക്ക് നായയുടെ പല്ലുകളേക്കാൾ മൂർച്ചയുണ്ടായിരുന്നു എന്ന ആക്ഷേപവും ഉയർന്നു. യഥാർത്ഥത്തിൽ നമ്മുടെ നാട് വളരുകയാണോ, തളരുകയാണോ? മനുഷ്യനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരം വളരുന്ന തലമുറയുടെ ബാലമനസുകളെ എങ്ങനെയാണ് സ്വാധീനിക്കുന്നത്?

ആരെയെങ്കിലും ഉപദ്രവിക്കണമെന്നോ, മിണ്ടാപ്രാണികളെ ഉന്മൂലനം ചെയ്യണമെന്നോ ഇവിടെയാർക്കും ആഗ്രഹമില്ല. എന്നാൽ, സൃഷ്ടിയുടെ മകുടമാണ് മനുഷ്യൻ എന്ന സത്യം നമ്മൾ മനുഷ്യർക്കു മാത്രമേ അംഗീകരിക്കാനാവൂ. ഒരു മൃഗത്തിനും മനുഷ്യന്റെ മഹത്വം മനസിലാകില്ല. ചിന്താശേഷിയില്ലാത്ത, വിവേചനശക്‌തിയില്ലാത്ത ജന്തുക്കൾക്ക് മനുഷ്യനേക്കാൾ പ്രാധാന്യം കല്പിക്കുന്നത് പ്രാകൃതമായ പ്രവൃത്തിയാണ്. അറിവും വിവേകവും നേടാൻ വിദ്യാഭ്യാസ സൗകര്യങ്ങളുള്ള നമ്മുടെ നാട്ടിൽത്തന്നെ മനുഷ്യത്വത്തിന്റെ പ്രകാശരശ്മികൾ കടന്നുചെല്ലാത്ത ഇരുണ്ട ഭൂഖണ്ഡങ്ങൾ ഉണ്ട് എന്നറിയുന്നത് അപമാനകരമാണ്.

ഇവിടെ പട്ടിയെമാത്രം കൊല്ലരുതെന്നു പറയുന്നവർ പേവിഷക്കച്ചവടമുതലാളിമാരുടെ അടിമകളാണെന്നു കുറ്റപ്പെടുത്തുന്നവർ ഏറെയാണ്. പ്രതിവർഷം 2800 കോടി രൂപയുടെ പേവിഷക്കച്ചവടമാണ് ഇന്ത്യയിൽ നടക്കുന്നതെന്നറിയുമ്പോൾ നമ്മുടെ തെരുവുകൾ കൈയേറുന്ന നായകൾ കടിച്ചുപറിക്കുന്നത് നമ്മുടെ സംസ്കാരത്തെത്തന്നെയല്ലേ എന്നു ശങ്കിച്ചുപോകും.

നമുക്കു മനുഷ്യരെ മനുഷ്യരായി ആദരിക്കാം. അംഗീകരിക്കാം. മൃഗങ്ങളെ മൃഗങ്ങളായി തിരിച്ചറിയാം. മൃഗസംരക്ഷണം നല്ലതുതന്നെ. എന്നാൽ, അതിനുമുമ്പ് മനുഷ്യനു സുരക്ഷയൊരുക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്. കാരണം, ഈ ജനപ്രതിനിധികളെ വോട്ടുചെയ്തു തെരഞ്ഞെടുത്തതു മനുഷ്യരാണ്. മൃഗങ്ങളുടെ പ്രതിനിധികളെപ്പോലെയല്ല, മനുഷ്യരുടെ പ്രതിനിധികളായാണ് ജനപ്രതിനിധികൾ സംസാരിക്കേണ്ടത്. അബലരായ അയൽക്കാർക്കു കാവലാകാൻ നമുക്കു കഴിയട്ടെ. മൃഗസംരക്ഷണ വകുപ്പുപോലെ മനുഷ്യസംരക്ഷണ വകുപ്പില്ലാത്ത ഈ നാട്ടിൽ നമുക്കു പരസ്പരം സുരക്ഷാവലയം ഒരുക്കാം.


ആശംസകളോടെ, സ്വന്തം കൊച്ചേട്ടൻ


<ആ>’പൊന്നോണത്തുമ്പികൾ‘ 10 മുതൽ കോതമംഗലം സെന്റ് അഗസ്റ്റിൻസിൽ

കോതമംഗലം: ദീപിക ബാലസഖ്യം ഓണാവധിക്കാലത്തു സംഘടിപ്പിക്കുന്ന സംസ്‌ഥാന പ്രതിഭാസംഗമം – പൊന്നോണത്തുമ്പികൾ – കോതമംഗലം സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ 10–ന് ഉച്ചകഴിഞ്ഞ് 3.30–ന് പതാക ഉയർത്തലോടൂകൂടി ആരംഭിക്കും.

13–നു രാവിലെ 10.30– നാണ് സമാപന സമ്മേളനം.

കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി നൂറ്റമ്പതോളം പ്രതിഭകളാണു ക്യാമ്പിൽ പങ്കെടുക്കുന്നത്. കൂടാതെ, പ്രവിശ്യ, മേഖലാ ഭാരവാഹികളും ക്യാമ്പിൽ പങ്കെടുക്കുന്നു.

വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ക്ലാസുകൾ, പ്രസംഗ പരിശീലന ക്കളരി, സംവാദങ്ങൾ, പഠനയാത്ര, ഡിബേറ്റ്, കലാസന്ധ്യ, തുടങ്ങിയവ ക്യാമ്പിന്റെ പ്രത്യേകതകളാണ്.

ക്യാമ്പിലേക്കുള്ള രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും പ്രവിശ്യാ കോ–ഓർഡിനേറ്റർമാരുമായി ബന്ധപ്പെടേണ്ടതാണ്. ക്യാമ്പ് ഫീസ് 800 രൂപ.


<ആ>ഡിസിഎൽ ഷോർട്ട്ഫിലിം മത്സരം

കോഴിക്കോട്: ദീപിക ബാലസഖ്യം കോഴിക്കോട് – മലപ്പുറം പ്രവിശ്യകൾ സംയുക്‌തമായി സംഘടിപ്പിക്കുന്ന ഡിസിഎൽ അഖിലകേരള ഷോർട്ട് ഫിലിം മത്സരത്തിന് എൻട്രികൾ ക്ഷണിച്ചു.

കേരളത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രവേശനഫീസ് ഉണ്ടായിരിക്കുന്നതല്ല. ഡിസിഎൽ പഞ്ചശീലങ്ങളായ ഈശ്വരഭക്‌തി, സാഹോദര്യം, സേവനതത്പരത, കൃത്യനിഷ്ഠ, അച്ചടക്കം എന്നിവയിലേതെങ്കിലുമൊന്നിനെ ആസ്പദമാക്കിയാണ് ചിത്രങ്ങൾ നിർമിക്കേണ്ടത്. ഷോർട്ട്ഫിലിമിന്റെ ദൈർഘ്യം മൂന്നുപ മിറ്റിൽ കുറയാനോ പത്തുമിനിറ്റിൽ കൂടാനോ പാടില്ല. വിജയികൾക്ക് കാഷ് അവാർഡും മറ്റ് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതായിരിക്കും. അപേക്ഷ ഫോമും വിശദവിവരങ്ങളും റരഹംീൃഹറ.രീാഎന്ന വെബ്സൈറ്റിൽനിന്നും ലഭ്യമാണ്. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി: 2017 ജനുവരി 10. കൂടുതൽ വിവരങ്ങൾക്ക് 9497670450 എന്ന നമ്പരിൽ വിളിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.