പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണസമിതിക്കെതിരേ കേസ്
Wednesday, August 31, 2016 11:26 AM IST
മൂവാറ്റുപുഴ: വ്യാജരേഖ ചമച്ചു വായ്പാ തട്ടിപ്പു നടത്തിയതിനു പോത്താനിക്കാട് ഫാർമേഴ്സ് സഹകരണ ബാങ്ക് ഭരണ സമിതിക്കെതിരേ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആർ പ്രകാരം അന്വേഷണത്തിന് ഉത്തരവ്. ബാങ്കിനെതിരായ ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് ഡിവൈഎസ്പി എം.എൻ. രമേശാണു കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് പരിഗണിച്ച വിജിലൻസ് കോടതി ജഡ്ജി പി. മാധവൻ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബാങ്ക് പ്രസിഡന്റ് എം.എം. മത്തായി, ഡയറക്ടർ ബോർഡംഗങ്ങളായ ബോബൻ ജേക്കബ്, സി.ജെ. ഏബ്രഹാം, ഹുസൈൻ കോട്ടയിൽ, കെ.എം. ഇബ്രാഹിം, അലക്സി സ്കറിയ, ലീന ബിജു, രജനി ഗോപി, അനിൽ അബ്രഹാം, ജയ്സൺ സി. ചെറിയാൻ, ജയിംസ് ജോസഫ്, മുൻ മാനേജിംഗ് ഡയറക്ടർ കെ.പി. രാജു, വായ്പക്കാരായ സുബൈർ, ഷംന സുബൈർ, മുഹമ്മദ് ബാവുപിള്ള, സൈനബ എന്നിവർക്കെതിരേയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

എറണാകുളം ജില്ലാ സഹകരണ ബാങ്കിന്റെ അടിവാട് ശാഖയിൽ പണയപ്പെടുത്തി 15 ലക്ഷം രൂപ വായ്പയെടുത്ത 14 സെന്റ് സ്‌ഥലത്തിൽനിന്ന് അഞ്ച് സെന്റ് വിൽക്കുകയും ശേഷിക്കുന്ന ഒമ്പതു സെന്റ് സ്‌ഥലം ഫാർമേഴ്സ് ബാങ്കിൽ പണയം വച്ച് 32 ലക്ഷം വായ്പയെടുക്കുകയും ചെയ്തുവെന്നാണു കേസ്. വസ്തുവിന്റെ അസൽ പ്രമാണങ്ങൾ ജില്ലാ സഹകരണ ബാങ്കിൽ നൽകിയിരിക്കെ ഫാർമേഴ്സ് ബാങ്കിൽ ഒരു രേഖയും പരിശോധനയുമില്ലാതെ ലോൺ സംഘടിപ്പിച്ചെന്നു കാണിച്ചു ബാങ്ക് അംഗം എ.കെ. ബിജു നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.


അന്വേഷണത്തിൽ വസ്തുവിന്റെ ബാധ്യതകൾ നിലനിൽക്കെ വായ്പ നൽകിയതെന്നു തെളിഞ്ഞിരുന്നു. വായ്പ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നതിനിടെ വായ്പയെടുത്തവർ പണം തിരിച്ചടയ്ക്കുകയും ചെയ്തു. വസ്തുവിന്റെ വിലയിൽ കൂടുതൽ തുക വായ്പയായി നല്കിയതിനെതിരേയും പരാതിയുണ്ട്. ഇടപാടിനു കൂട്ടുനിന്ന ഭരണ സമിതിക്കെതിരേയും കേസെടുക്കാനാണ് ഉത്തരവ്. ഹർജിക്കാരനുവേണ്ടി ആർ. അജിത് കുമാറാണ് ഹാജരായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.