തീരദേശ, മലയോര ഹൈവേകൾക്കു 10,000 കോടി
തീരദേശ, മലയോര ഹൈവേകൾക്കു 10,000 കോടി
Tuesday, August 30, 2016 1:36 PM IST
<ആ>സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേരളത്തെ തെക്കു വടക്കു ബന്ധിപ്പിച്ചു തീരദേശ ഹൈവേയും മലയോര ഹൈവേയും നിർമിക്കുമെന്നു പൊതുമരാമത്തു മന്ത്രി ജി. സുധാകരൻ. കാസർഗോഡ് നന്ദാരപ്പടവു മുതൽ തിരുവനന്തപുരം ജില്ലയിലെ കടുക്കര വരെയുള്ള 1195 കിലോമീറ്റർ നീളത്തിലാണു മലയോര ഹൈവേ. കാസർഗോഡ് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം ജില്ലയിലെ പൂവാർ വരെയുള്ള 606 കിലോമീറ്റർ നീളത്തിലാണു തീരദേശ ഹൈവേ നിർമിക്കുന്നത്.

ഇരു പാതകളും ഏഴു മീറ്റർ വീതിയിലാകും നിർമിക്കുക. മലയോര ഹൈവേ നിർമാണത്തിന് 6,000 കോടി രൂപയും തീരദേശ ഹൈവേയ്ക്ക് 4,000 കോടി രൂപയും ചെലവു വരുമെന്നാണു പ്രതീക്ഷിക്കുന്നത്.

തീരദേശ ഹൈവേ നിർമാണം കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചറൽ ഫണ്ട് ബോർഡ്) പദ്ധതിയിൽ ഉൾപ്പെടുത്തിയും മലയോര ഹൈവേ വികസനം നബാർഡ് സഹായത്തോടെയും പൂർത്തിയാക്കും.

നാലു മാസത്തിനകം വിശദമായ പഠനറിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. മലയോര ഹൈവേ നിർമാണത്തിൽ നിന്ന് ഇടതുസർക്കാർ പിന്മാറിയെന്ന ആരോപണം യുഡിഎഫ് ഉന്നയിക്കുന്നതിനിടയിലാണു സർക്കാർ പദ്ധതി പ്രഖ്യാപിച്ചത്. ഇരുപദ്ധതികളും സംസ്‌ഥാനത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് ഏറെ പ്രയോജനം ചെയ്യും.

മലയോര ഹൈവേ ആലപ്പുഴ ഒഴികെയുള്ള ജില്ലകളിലൂടെയാണു കടന്നുപോകുന്നത്. തീരദേശ ഹൈവേ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലൂടെ കടന്നുപോകുന്നു. തീരദേശത്തെ ചില ഭാഗങ്ങളിൽ തീരദേശ റോഡ് നിലവിലുണ്ട്. ഇവയെ ബന്ധിപ്പിച്ചാകും തീരദേശ ഹൈവേ നിർമിക്കുന്നത്. കൊല്ലം നീണ്ടകരയിൽ അടക്കം രണ്ടോ മൂന്നോ പാലങ്ങൾ മാത്രം മതിയാകും. ഭൂമി ഏറ്റെടുക്കലും കൂടുതലായി വേണ്ടിവരില്ല.


കിഫ്ബിയിൽ ഉൾപ്പെടുത്തി സംസ്‌ഥാനത്തു തെക്കു– വടക്കു തീരദേശ ഹൈവേ നിർമിക്കുമെന്നു ദീപിക നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടൊപ്പം ജില്ലാ ഫ്ളാഗ്ഷിപ്പ് ഇൻഫ്രാസ്ട്രക്ചർ പ്രോജ ക്ടിൽ(ഡിഎഫ്ഐപി) പെടുത്തിയുള്ള 21 റോഡുകളുടെ നിർമാണ പ്രവർത്തനവും നടത്തും. ഓരോ ജില്ലയിലും ഓരോ പ്രധാന റോഡു വീതം ഉൾപ്പെടുത്തിയുള്ള ഡിഎഫ്ഐപി പദ്ധതി കഴിഞ്ഞ യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതിലുള്ള റോഡുകളുടെ എണ്ണം 21 ആക്കി ഉയർത്തിയിരുന്നു. 3771. 47 കോടി രൂപയാണ് കണക്കാക്കിയിരുന്നത്. പെട്രോൾ– ഡീസൽ സെസായി ലഭിക്കുന്ന തുകയുടെ 50 ശതമാനം തുക ഡിഎഫ്ഐപി പദ്ധതിക്കായി വകയിരുത്തുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ,

ഈ ഇനത്തിൽ 197 കോടി രൂപയാണു ലഭിച്ചത്. കേരള റോഡ് ഫണ്ട് ബോർഡിനെയാണു നിർവഹണ ഏജൻസിയായി ഏൽപിച്ചിരുന്നത്. ഇതിൽ 137 കോടി രൂപയാണു പൊതുമരാമത്തു വകുപ്പിനായി നീക്കിവച്ചത്.

കൃത്യമായ ഫണ്ട് നീക്കിവയ്ക്കാതെയും കണ്ടെത്താതെയും ഭരണാനുമതിയോ സാങ്കേതികാനുമതിയോ ലഭിക്കാതെ ആയിരക്കണക്കിനു കോടി രൂപയുടെ റോഡ് നിർമിക്കുമെന്ന യുഡിഎഫിന്റെ കാലത്തെ പ്രഖ്യാപനം സർക്കാർ അന്വേഷിക്കുമെന്നു മന്ത്രി ജി. സുധാകരൻ പറഞ്ഞു. ഇതിൽ അഞ്ചു നിർമാണപ്രവൃത്തികൾ ഏൽപ്പിച്ചത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.