ജനപ്രതിനിധികൾ വാക്കു പാലിക്കാൻ തയാറാകണം: ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ
Tuesday, August 30, 2016 1:30 PM IST
ചെറുതോണി: വാക്കു പാലിക്കാൻ ജനപ്രതിനിധികൾക്ക് ഉത്തരവാദിത്വമുണ്ട്. ഇടതു–വലതു സർക്കാരുകൾ മാറിവന്നാലും അവകാശങ്ങൾ നേടുന്നതുവരെ സമരംതുടരും. അതാണു ചരിത്രമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി ജനറൽ കൺവീനർ ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.

വ്യത്യസ്ത മേഖലകളിൽ വ്യത്യസ്ത പ്രശ്നങ്ങളാണ് നിലനിൽക്കുന്നത്. അവകാശ സംരക്ഷണത്തിന് തടസമാകുന്നതെന്തെന്ന് തിരിച്ചറിയണം. ഇഎസ്എയിൽനിന്നും തോട്ടങ്ങളും കൃഷിയിടങ്ങളും ജനവാസ മേഖലകളും വേർതിരിക്കുകയും ഒഴിവാക്കുകയും വേണം. ഇതിന് കേന്ദ്ര–സംസ്‌ഥാന സർക്കാരുകൾ ഇച്ഛാശക്‌തിയോടെ പ്രവർത്തിക്കണം. ഇഎഫ്എൽ നിയപ്രകാരം ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം ഭൂമിയും നഷ്ടപരിഹാരവും നൽകണം. ഭരണകർത്താക്കൾ ജനങ്ങളെ ഉദ്യോഗസ്‌ഥർക്ക് എറിഞ്ഞുകൊടുക്കുന്നവരാകരുത്. 1948 മുതൽ ജില്ലയിൽ പട്ടയത്തിനായുള്ള കർഷകരുടെ മുറവിളി ഉയർന്നു തുടങ്ങിയിരുന്നു. മുൻകാലങ്ങളിൽ സർക്കാരല്ല ഉദ്യോഗസ്‌ഥരാണ് ജനങ്ങളെ ഭരിച്ചിരുന്നത്. ഇതു മാറണം. പട്ടയവിതരണത്തിന് തടസംനിൽക്കുന്നത് ചില ഉദ്യോഗസ്‌ഥരാണ്.


ഒന്നര വർഷത്തിനകം എല്ലാവർക്കും പട്ടയം നൽകുമെന്ന എൽഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തെ വിശ്വാസത്തിലെടുക്കുകയാണ്. എത്രയുംവേഗം ഇതിനുള്ള നടപടി ഉണ്ടാകണമെന്നും ഫാ. കൊച്ചുപുരയ്ക്കൽ ആവശ്യപ്പെട്ടു.

ഉപാധിരഹിത പട്ടയം സമിതിയുടെ പ്രഖ്യാപിത നയമാണ്. അതു നേടിയെടുക്കുന്നതുവരെ സമരമുഖത്തുതന്നെ ഉണ്ടാകുമെന്നും ജോയ്സ് ജോർജ് എംപി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.