ജലവിഭവ വകുപ്പിൽ ഫയൽ അദാലത്ത്; തീരുമാനമാകാത്ത ഫയലുകളിൽ ഡിസംബറോടെ തീരുമാനമാകുമെന്ന്
Tuesday, August 30, 2016 1:21 PM IST
തിരുവനന്തപുരം: ജലവിഭവ വകുപ്പിൽ രണ്ടു വർഷത്തിലേറെയായി തീരുമാനമാകാതെ കിടക്കുന്ന ഫയലുകളിൽ ഈ മാസം തീരുമാനമാകുമെന്ന് മന്ത്രി മാത്യു ടി. തോമസ്. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ നടന്ന ദ്വിദിന ഫയൽ അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു ഫയലുകൾ ഡിസംബർ 31ഓടെ തീർപ്പാക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർക്കു നിർദേശം നൽകി.

രണ്ടു വർഷത്തിലധികം പഴക്കമുള്ള 426 ഫയലുകളാണ് വാട്ടർ അഥോറിറ്റിയുമായി ബന്ധപ്പെട്ട് തീർപ്പാകാതെയുള്ളത്. ഇതിൽ 230 എണ്ണത്തിന് വാട്ടർ അഥോറിറ്റിയിൽനിന്ന് വിശദീകരണം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ശേഷിക്കുന്ന 196 ഫയലുകളിൻമേലുള്ള വിശദീകരണം ഉടൻ ലഭ്യമാക്കണമെന്നും മന്ത്രി നിർദേശിച്ചു. കുടിവെള്ളലഭ്യതയുമായി ബന്ധപ്പെട്ടുള്ള പരാതികളിൽ സത്വര പരിഹാരം ഉണ്ടാക്കാനും ജനങ്ങൾക്കു ലഭിക്കേണ്ട സേവനങ്ങൾ യഥാസമയം ലഭ്യമാക്കാനും വകുപ്പിലെ ഉദ്യോഗസ്‌ഥർ കൂടുതൽ ശുഷ്കാന്തി കാണിക്കണമെന്നും മന്ത്രി പറഞ്ഞു.


അദാലത്ത് ഇന്നും തുടരും. ജലസേചന വകുപ്പിന്റെ 500 ഓളം ഫയലുകൾ ഇന്നത്തെ അദാലത്തിൽ പരിശോധിച്ച് തീരുമാനമെടുക്കും. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി വി.ജെ. കുര്യൻ, സെക്രട്ടറി ടിങ്കു ബിസ്വാൾ, വാട്ടർ അഥോറിറ്റി എംഡി അജിത്ത് പാട്ടീൽ, വാട്ടർ അഥോറിറ്റി ടെക്നിക്കൽ മെംബർ രവീന്ദ്രൻ, ചീഫ് എൻജിനിയർമാരായ ശ്രീകുമാർ, ജലാലുദ്ദീൻ, ചന്ദ്രവതി, ജലവിഭവ വകുപ്പ് അഡീഷണൽ സെക്രട്ടറി താര സാമുവൽ എന്നിവർ നേതൃത്വം നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.