സമൂഹനന്മയുടെ അടിസ്‌ഥാനം ആത്മീയ പിന്തുടർച്ച: ഉപരാഷ്ട്രപതി
സമൂഹനന്മയുടെ  അടിസ്‌ഥാനം ആത്മീയ പിന്തുടർച്ച: ഉപരാഷ്ട്രപതി
Tuesday, August 30, 2016 1:21 PM IST
തിരുവനന്തപുരം: ആത്മീയ പിന്തുടർച്ചകളാണ് സമൂഹനന്മയുടെ അടിസ്‌ഥാനമെന്ന് ഉപരാഷ്ട്രപതി ഹമീദ് അൻസാരി. ശാന്തിഗിരി ആശ്രമം സ്‌ഥാപകൻ കരുണാകര ഗുരുവിന്റെ നവതി ആഘോഷങ്ങൾ ശാന്തിഗിരി ആശ്രമത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആരാധനാലയങ്ങളിൽ പോകുന്നതു സമൂഹത്തിലെ അംഗങ്ങൾ തമ്മിലുള്ള ഇടപെടൽ കൂടുതൽ ശക്‌തമാക്കുന്നു. പള്ളി, അമ്പലം, സമൂഹ പ്രാർഥന, ധ്യാനം ഇവ സമൂഹത്തിൽ ഒരുമയും സുരക്ഷിതത്വവും സാമൂഹ്യ ബോധവും ഉണ്ടാക്കും. ഇതിലൂടെ ജീവിതനിലവാരം ഉയർത്തും. ഇങ്ങനെ നേടുന്ന ആത്മീയ ബലം ജീവിതത്തിൽ നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ കരുത്തുനൽകും.

ആത്മപരിശോധന നടത്തുകയും സ്വന്തം നേട്ടത്തെക്കുറിച്ച് ചിന്തിക്കും മുമ്പ് മറ്റുള്ളവരുടെ ക്ഷേമത്തിനും നേട്ടത്തിനുമായി ചിന്തിക്കുമ്പോഴാണ് മാറ്റങ്ങൾ ഉണ്ടാവുന്നത്. ആരോഗ്യവിദ്യാഭ്യാസ മേഖലകളിൽ പ്രത്യേകിച്ച് ആയൂർവേദ രംഗത്ത് ശാന്തിഗിരി ആശ്രമം വലിയ സംഭാവനകളാണ് സമൂഹത്തിനു നൽകുന്നതെന്നും ഉപരാഷ്ട്രപതി പറഞ്ഞു.


ശ്രീനാരായണഗുരു കാട്ടിത്തന്ന മതത്തിന് അതീതമായ ആത്മീയതയാണ് ശാന്തിഗിരി ആശ്രമം പ്രചരിപ്പിക്കുന്നതെന്ന് രാജ്യസഭ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു. ശാന്തിഗിരി ആശ്രമം ആത്മീയതയ്ക്കപ്പുറം ഭൗതിക കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തുന്നതായി അധ്യക്ഷ പ്രസംഗത്തിൽ ഗവർണർ പി സദാശിവം പറഞ്ഞു.

വനം മന്ത്രി കെ. രാജു, എ. സമ്പത്ത് എംപി, സി. ദിവാകരൻ എംഎൽഎ, മുൻ എംഎൽ എ കോലിയക്കോട് എൻ കൃഷ്ണൻ നായർ, പദ്മഭൂഷൺ ജേതാവ് ഡോ. ബിന്ദേശ്വർ പഥക് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.