പ്ലൈവുഡ് ഫാക്ടറിയിൽ മരിച്ച തൊഴിലാളിയുടെ കുടുംബത്തിനു സഹായം നൽകിയില്ല
പ്ലൈവുഡ് ഫാക്ടറിയിൽ മരിച്ച തൊഴിലാളിയുടെ  കുടുംബത്തിനു സഹായം നൽകിയില്ല
Tuesday, August 30, 2016 1:11 PM IST
<ആ>സിജോ പൈനാടത്ത്

കൊച്ചി: പ്ലൈവുഡ് ഫാക്ടറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഒഡീഷ സ്വദേശിയായ യുവാവിന്റെ ഭാര്യയും മക്കളും നീതി തേടി സർക്കാരിനു മുമ്പിൽ. കഴിഞ്ഞ 27നു പെരുമ്പാവൂരിനടുത്ത് ഓടക്കാലിയിലെ പ്ലൈവുഡ് കമ്പനിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ, ഒഡീഷ കേന്ദ്രപ്പറ ജില്ലയിലെ ട്രയ്ലോക്യാപുർ സ്വദേശി ബാബാഗ്രഹി ബെഹ്റ (39)യുടെ ഭാര്യയും രണ്ടു കുഞ്ഞുങ്ങളുമാണ് നീതി തേടി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.

മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ഭാര്യക്ക് ആഗ്രഹമുണ്ടായിരുന്നെങ്കിലും സാധിച്ചില്ല. ഇന്നലെ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹം പച്ചാളം ശ്മശാനത്തിൽ സംസ്കരിച്ചു. ഇന്നലെ രാവിലെ ആലുവയിലെത്തിയ ബെഹ്റയുടെ ഭാര്യയ്ക്ക് ഇതരസംസ്‌ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന പ്രവാസി ശ്രമിക് കാര്യാലയത്തിൽ അഭയം നൽകി. ഒമ്പതും ആറും വയസുള്ള രണ്ടു മക്കൾക്കൊപ്പമാണ് ഇവർ എത്തിയത്. സിസ്റ്റർ റോസിലി ജോൺ, സിസ്റ്റർ ലിറ്റിൽ റോസ് എന്നിവർ ഇവർക്കാവശ്യമായ സഹായങ്ങൾ നൽകി. ഇവിടെനിന്ന് പിന്നീട് തൊഴിലുടമ ഇവരെ കൂട്ടിക്കൊണ്ടുപോയി. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാൻ ആഗ്രഹമറിയിച്ചെങ്കിലും ഫലമുണ്ടായില്ല. റോഡ്മാർഗം മൃതദേഹം കൊണ്ടുപോകുന്നതിനുള്ള ചെലവു വഹിക്കാൻ തൊഴിലുടമ തയാറാകാതിരുന്നതാണു തടസമായത്.


മൃതദേഹം സംസ്കരിച്ചശേഷം കുന്നത്തുനാട് തഹസിൽദാർ സാബു കെ.ഐസക്കിനു മുമ്പിൽ ബെഹ്റയുടെ കുടുംബം സഹായഭ്യർഥനയുമായെത്തി. പ്രവാസി ശ്രമിക് കാര്യാലയ് കോ–ഓർഡിനേറ്റർ തോപ്പൻ ധർമൻ, മൈഗ്രന്റ്സ് വർക്കേഴ്സ് മൂവ്മെന്റ് പ്രവർത്തകൻ ജോർജ് മാത്യു എന്നിവരുടെ സഹായത്തോടെ തഹസിൽദാരുമായി ചർച്ച നടത്തിയെങ്കിലും മതിയായ നഷ്‌ടപരിഹാരം നൽകാൻ തൊഴിലുടമ തയാറായില്ല.

തൊഴിൽസ്‌ഥലങ്ങളിൽ മരിക്കുന്ന ഇതരസംസ്‌ഥാന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ജില്ലാ ഭരണകൂടവും തൊഴിലുടമയും ചേർന്ന് നടപടികൾ സ്വീകരിക്കുമെന്ന് നേരത്തെ ജില്ലാ കളക്ടറും തൊഴിൽവകുപ്പും അറിയിച്ചിരുന്നു.

ബാബാഗ്രഹി ബെഹ്റയുടെ കുടുംബത്തിന് അർഹമായ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടു മൈഗ്രന്റ്സ് വർക്കേഴ്സ് മൂവ്മെന്റ് പ്രവർത്തകരായ ജോർജ് മാത്യുവും ഫാ. മാർട്ടിൻ പുതുശേരിയും ജില്ലാ കളക്ടർക്കു നിവേദനം നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.