ബൈക്കിൽപോയ ദമ്പതികൾ ലോറിക്കടിയിൽപെട്ടു; ഭാര്യയ്ക്കു ദാരുണാന്ത്യം
Tuesday, August 30, 2016 1:11 PM IST
മരട്: കുണ്ടന്നൂർ ജംഗ്ഷനിൽ ചരക്കു ലോറിക്കടിയിൽപെട്ട ബൈക്ക്യാത്രികരായ ദമ്പതികളിൽ ഭാര്യ മരിച്ചു. ഭർത്താവ് ഗുരുതരാവസ്‌ഥയിൽ. ചേർത്തല എഴുപുന്ന സൗത്ത് ചക്കനാട്ടുതറ എൻ.എൻ. പവിത്രന്റെ ഭാര്യ ശാന്ത(60)യാണ് മരിച്ചത്. പവിത്ര(67)നെ ഗുരുതരാവസ്‌ഥയിൽ നെട്ടൂർ ലേക്ഷോർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു അപകടം.

വൈറ്റിലയിൽ നിന്ന് അരൂർ ഭാഗത്തേക്കു പോവുകയായിരുന്നു ഇരു വാഹനങ്ങളും. കുണ്ടന്നൂരിലെ ട്രാഫിക് സിഗ്നലിനായി വാഹനനിര ട്രാഫിക് വാച്ച് ടവറും കഴിഞ്ഞ് കുണ്ടന്നൂർ ബസ് സ്റ്റോപ്പ്വരെ ഉണ്ടായിരുന്നു. സിഗ്നൽ കിട്ടി മുന്നോട്ടെടുത്ത ചരക്കുലോറിയുടെ അടിയിലേക്ക് ബൈക്കിന്റെ ബാലൻസ് തെറ്റി ദമ്പതികൾ വീഴുകയായിരുന്നു. ലോറിയുടെ പിൻചക്രം ദേഹത്തുകൂടി കയറിയിറങ്ങിയ ശാന്ത സംഭവസ്‌ഥലത്തുതന്നെ മരിച്ചു. പവിത്രന്റെ വലതുകാലിലൂടെയും ലോറിയുടെ ചക്രം കയറി ഇറങ്ങി. വാച്ച് ടവറിനടുത്തായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാരാണ് പവിത്രനെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും അപകടത്തിൽപ്പെട്ട ഭാര്യയെ രക്ഷിക്കാനാണ് പവിത്രൻ ആവശ്യപ്പെട്ടത്. ലോറിക്കടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞ ശാന്തയുടെ മൃതദേഹം നാട്ടുകാർ തുണികൊണ്ട് മൂടി. മൃതദേഹം റോഡിൽനിന്നു നീക്കം ചെയ്യാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ പോലീസിനെതിരേ തിരിഞ്ഞു. പിന്നീട് ഹൈവേ പോലീസിന്റെ ആംബുലൻസിൽ മുക്കാൽമണിക്കൂറിനുശേഷമാണ് മൃതദേഹം റോഡിൽനിന്നു മാറ്റിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.