ഫണ്ട് വകയിരുത്താതെ നിർമാണ പ്രവൃത്തികൾ തുടങ്ങരുത്: ഗവ. കോൺട്രാക്ടേഴ്സ് അസോ.
Tuesday, August 30, 2016 1:11 PM IST
കണ്ണൂർ: ഫണ്ട് വകയിരുത്താതെയും സുതാര്യ ടെൻഡർ അട്ടിമറിച്ചും സംസ്‌ഥാനത്ത് ഒരു നിർമാണ പ്രവൃത്തിയും നൽകരുതെന്ന് കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്‌ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി. നിർമാണ പ്രവൃത്തി നൽകുന്നത് സുതാര്യ ടെൻഡറിലൂടെ ആയിരിക്കണമെന്നാണ് കേന്ദ്ര വിജിലൻസ് കമ്മീഷനും സുപ്രീംകോടതിയും നൽകിയിട്ടുള്ള നിർദേശം. ഇതിനു വിരുദ്ധമായി പ്രവർത്തിക്കാനുള്ള പ്രവണത വർധിച്ചുവരികയാണ്. ഇതിനു അറുതിവരുത്താൻ ആവശ്യമെങ്കിൽ മരണം വരെ നിരാഹാരം അനുഷ്ഠിക്കുമെന്നും വർഗീസ് കണ്ണമ്പള്ളി പത്രസമ്മേളനത്തിൽ അറിയിച്ചു.

പൊതുപണം ഉപയോഗിച്ചു നടത്തപ്പെടുന്ന എല്ലാ നിർമാണ പ്രവൃത്തികളും സുതാര്യ ടെൻഡറിലൂടെ മാത്രം ഏജൻസികളെ ഏൽപ്പിക്കാൻ സംസ്‌ഥാന സർക്കാർ ഭരണഘടനാപരമായി ബാധ്യസ്‌ഥമാണ്. ഭരണ–പ്രതിപക്ഷ എംഎൽഎമാരുടെ ശിപാർശ കത്തുകൾ വാങ്ങി ഏതെങ്കിലും ഏജൻസികൾക്ക് പ്രവൃത്തികൾ ഏൽപ്പിച്ചുകൊടുക്കുന്നത് ശരിയാണോയെന്ന് ചർച്ച ചെയ്യണം. മലയോരഹൈവേയുടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ തൊഴിലാളി സംഘത്തിന് 977.70 കോടി രൂപയുടെ നാലു പ്രവൃത്തികളാണ് ടെൻഡറില്ലാതെ നൽകിയത്.


ടെൻഡറില്ലാതെ ഊരാളുങ്കൽ ഏജൻസിക്ക് ഒരേസമയം കൈവശം വയ്ക്കാവുന്ന പ്രവൃത്തികളുടെ ആകെ അടങ്കൽ 250 കോടിയാണ്. ഇതുമായി ബന്ധപ്പെട്ട് അസോസിയേഷൻ നൽകിയ ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.