വഞ്ചിയൂർ കോടതിയിലെ സംഭവം: അറസ്റ്റിലായ പിതാവും മക്കളും കമ്മീഷനു പരാതി നൽകി
Tuesday, August 30, 2016 1:11 PM IST
കൊച്ചി: തിരുവനന്തപുരം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകരുമായുള്ള പ്രശ്നത്തെത്തുടർന്ന് അറസ്റ്റിലായ പിതാവും മക്കളും തങ്ങൾക്കു നേരിട്ട മനുഷ്യാവകാശ ലംഘനങ്ങളിൽ നടപടി ആവശ്യപ്പെട്ട് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷനു പരാതി നൽകി. തിരുവനന്തപുരം പെരിങ്ങമല കള്ളിയൂർ ഗോകുലത്തിൽ ടി. വിജയകുമാർ, മക്കളായ ഡോ. വിഷ്ണു വിജയ്, വിപിൻ വിജയ് എന്നിവരാണ് നീതി തേടി കമ്മീഷനെ സമീപിച്ചത്. തിരുവനന്തപുരം പിആർഎസ് ആശുപത്രിയിലെ ഡോക്ടറായ വിഷ്ണുവിന്റെ വിവാഹത്തർക്ക കേസിൽ ഓഗസ്റ്റ് എട്ടിന് വഞ്ചിയൂർ കോടതിയിലെ മീഡിയേഷൻ സെന്ററിൽ ഹാജരായപ്പോഴുണ്ടായ തർക്കമാണു പ്രശ്നങ്ങൾക്കു കാരണമെന്ന് പരാതിയിൽ പറയുന്നു. അഭിഭാഷക സംഘടനയുടെ ഭാരവാഹികളിലൊരാൾ ഇടപെട്ട് തർക്കം രൂക്ഷമാക്കിയെന്നും അഭിഭാഷകർ തങ്ങളെ മർദിച്ചെന്നുമാണ് ആരോപണം. അഭിഭാഷകരുടെ പരാതിയിൽ വിഷ്ണുവിനെയും വിജയകുമാറിനെയും വിപിൻ വിജയനെയും പോലീസ് അറസ്റ്റു ചെയ്തു. തുടർന്ന് റിമാൻഡിലായ അവർ ഇപ്പോഴും ജയിലിലാണ്.


ജാമ്യാപേക്ഷയിൽ ഹാജരാകാൻ പല അഭിഭാഷകരെയും സമീപിച്ചെങ്കിലും ആരും സഹായിച്ചില്ലെന്ന് പരാതിക്കാർ പറയുന്നു. പിന്നീട് ജയിൽ സൂപ്രണ്ട് മുഖേന നൽകിയ ജാമ്യാപേക്ഷ ഓഗസ്റ്റ് 23ന് കോടതി തള്ളി. ഈ വിഷയത്തിൽ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നുണ്ടെങ്കിലും തങ്ങൾക്കു നേരിട്ട മനുഷ്യാവകാശ ലംഘനത്തിൽ നടപടി വേണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിഷ്ണുവിന്റെ അമ്മ പദ്മിനിയും വിപിന്റെ ഭാര്യ കൃഷ്ണപ്രിയയും ഇവർക്കൊപ്പം പരാതി നൽകിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.