ദക്ഷിണേന്ത്യയിലെ ആദ്യ ഒഡിഎഫ് ജില്ലയാകാൻ കണ്ണൂർ
ദക്ഷിണേന്ത്യയിലെ ആദ്യ ഒഡിഎഫ് ജില്ലയാകാൻ കണ്ണൂർ
Tuesday, August 30, 2016 1:11 PM IST
കണ്ണൂർ: തുറസായ സ്‌ഥലത്ത് മലമൂത്ര വിസർജനമില്ലാത്ത (ഓപ്പൺ ഡെഫക്കേഷൻ ഫ്രീ) സംസ്‌ഥാനത്തെ ആദ്യജില്ലയെന്ന നേട്ടം കൈവരിക്കാൻ കണ്ണൂർ ഒരുങ്ങുന്നു. ഇനി ഒരാഴ്ചകൂടി കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ജില്ലയിലെ 63 ഗ്രാമപഞ്ചായത്തുകൾ ഇതിനകം ഒഡിഎഫ് പദവി കൈവരിച്ചുകഴിഞ്ഞതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കേന്ദ്ര കുടിവെള്ള മന്ത്രാലയവും സംസ്‌ഥാന സർക്കാരും സംയുക്‌തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും കക്കൂസ് നിർമിച്ചുകൊണ്ടാണ് ജില്ലയിലെ 63 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഈ നേട്ടം കൈവരിച്ചത്. കണ്ണൂരിനെ ഒഡിഎഫ് ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ അവലോകനം കളക്ടറേറ്റിൽ നടന്നു.

ഓഗസ്റ്റ് 30 ലക്ഷ്യമാക്കി നിർമാണ പ്രവൃത്തികൾ പൂർത്തീകരിച്ച ചിറക്കൽ, പാപ്പിനിശേരി, പടിയൂർ–കല്യാട്, പയ്യാവൂർ, മയ്യിൽ, ഉളിക്കൽ, എരുവേശി, പായം, കീഴല്ലൂർ, അയ്യൻകുന്ന്, കൂടാളി, ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, ചെറുപുഴ, എരമം–കുറ്റൂർ, പെരിങ്ങോം– വയക്കര, കാങ്കോൽ– ആലപ്പടമ്പ, കുഞ്ഞിമംഗലം, രാമന്തളി, കൊട്ടിയൂർ, കേളകം, ഉദയഗിരി, ആലക്കോട്, ചെങ്ങളായി, നടുവിൽ, കുറുമാത്തൂർ, പട്ടുവം, കടന്നപ്പള്ളി –പാണപ്പുഴ എന്നിവയാണ് പുതുതായി ഈ ലക്ഷ്യം കൈവരിച്ച ഗ്രാമപഞ്ചായത്തുകൾ. മേയ് 31നകം ഒഡിഎഫ് പദവിയിലെത്തിയ 12 പഞ്ചായത്തുകൾ സ്വർണമെഡലിനും ജൂലൈ 31ഓടെ പ്രഖ്യാപനം നടത്തിയ 21 പഞ്ചായത്തുകൾ വെള്ളിമെഡലിനും നേരത്തേ അർഹമായിരുന്നു. ഇരിക്കൂർ കല്യാശേരി, തളിപ്പറമ്പ്, പയ്യന്നൂർ എന്നീ നാല് ബ്ലോക്ക് പഞ്ചായത്തുകളെയും അനുവദിച്ച കാലാവധിക്കു മുമ്പേ ഈ നേട്ടം കൈവരിച്ച തളിപ്പറമ്പ് മുനിസിപ്പാലിറ്റിയെയും മന്ത്രി ആദരിച്ചു. ബാക്കിയുള്ള അഴീക്കോട്, ആറളം, തില്ലങ്കേരി, കോളയാട്, മാലൂർ, മുഴക്കുന്ന്, പേരാവൂർ, കണിച്ചാർ എന്നീ എട്ടു ഗ്രാമപഞ്ചായത്തുകളിൽ വർഷകാലമായതിനാലുള്ള വെള്ളക്കെട്ട്, ആദിവാസി കോളനികളിൽ നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് തടസമായി നിലനിൽക്കുന്നതെന്ന് യോഗം വിലയിരുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.