കേന്ദ്ര നയങ്ങൾക്കെതിരേ കെപിസിസിയുടെ രാജ്ഭവൻ മാർച്ച് സെപ്റ്റംബർ ഏഴിന്
Monday, August 29, 2016 12:09 PM IST
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടികൾക്കെതിരേ കെപിസിസിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ ഏഴിന് രാജ്ഭവൻ മാർച്ച് നടത്തുമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അറിയിച്ചു.

പഞ്ചായത്ത്രാജിനെ തകർക്കുന്ന നീക്കമാണു കേന്ദ്രസർക്കാർ നടത്തുന്നത്. പഞ്ചായത്ത്രാജ് മന്ത്രാലയത്തിന്റെ പ്രാധാന്യവും പ്രസക്‌തിയും കുറച്ച് ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ ഒരു ചെറിയ വകുപ്പായി മാറ്റാനാണു നീക്കം. രാജീവ്ഗാന്ധി പഞ്ചായത്ത് ശാക്‌തീകരൺ അഭിയാൻ, ബാക്ക്വേർഡ് റീജിയൻ ഗ്രാന്റ് ഫണ്ട് തുടങ്ങിയ പദ്ധതികൾ നിർത്താനും നീക്കമുണ്ട്. രാജീവ്ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ പഞ്ചായത്ത്രാജിനെ തകർക്കാനുള്ള കേന്ദ്രനീക്കം പ്രതിഷേധാർഹമാണ്.

ബിജെപി ഭരണത്തിനു കീഴിൽ രാജ്യവ്യാപകമായി നടക്കുന്ന ദളിത് പീഡനങ്ങൾക്കെതിരെയുള്ള ശക്‌തമായ പ്രതികരണത്തിന്റെ ഭാഗം കൂടിയാണു രാജ്ഭവൻ മാർച്ച്. കേന്ദ്രസർക്കാരിന്റെ റബർ, നാളികേരം, അടയ്ക്ക, ഏലം, കുരുമുളക് കർഷകരോടുള്ള കടുത്ത അവഗണന അംഗീകരിക്കാനാകില്ല. റബറിന്റെ കാര്യത്തിൽ പ്രധാനമന്ത്രി കേരളത്തിൽ വന്നു നടത്തിയ പ്രഖ്യാപനങ്ങൾ കേവലം പാഴ്വാക്കായി. മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ച നടപടി അംഗീകരിക്കാനാവില്ല. തീരദേശ മേഖലയെ വൻകിട കോർപറേറ്റുകൾക്ക് തീറെഴുതുന്ന കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ശക്‌തമായ ചെറുത്തുനിൽപ് നടത്തും.

അന്തർദേശീയ കമ്പോളത്തിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും അതിന് ആനുപാതികമായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ തയാറാകാതെ രാജ്യത്തെ വൻവിലക്കയറ്റത്തിലേക്ക് തള്ളിവിട്ട കേന്ദ്രസർക്കാരിന്റെ ജനദ്രോഹനയത്തിനെതിരെയുള്ള ശക്‌തമായ ജനരോഷം രാജ്ഭവൻ മാർച്ചിൽ പ്രകടമാകുമെന്നും സുധീരൻ പറഞ്ഞു.


ജനദ്രോഹ നടപടികളിൽ കേന്ദ്രത്തിന്റെ അതേശൈലി തന്നെയാണ് സംസ്‌ഥാന സർക്കാരും മുന്നോട്ട് നീക്കുന്നത്. കേന്ദ്ര സർക്കാരിനു പിന്നാലെ വിലക്കയറ്റത്തെ മൂർച്ഛിപ്പിക്കുന്ന നടപടിയാണ് സംസ്‌ഥാന സർക്കാരിന്റേതും. ധനകാര്യമന്ത്രി കൊണ്ടുവന്ന ബജറ്റിലെ നിർദേശങ്ങൾ അധിക സാമ്പത്തികഭാരം ജനങ്ങൾക്കുണ്ടാക്കും. മണ്ണെണ്ണവില വർധിപ്പിച്ചുള്ളതും ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്.

ഏകപക്ഷീയ രീതിയിലാണ് എൽഡിഎഫ് ഭരണം. സിപിഎം അല്ലാത്ത ആർക്കും പോലീസിൽ നിന്നു നീതി കിട്ടാത്ത അവസ്‌ഥയാണുള്ളത്. ക്ഷേമ പെൻഷനുകൾ സഹകരണസംഘം മുഖേന വിതരണം ചെയ്യുന്നതു രാഷ്ട്രീയവത്കരണത്തിനാണ്.

പാഠപുസ്തകം പോലും വിദ്യാർഥികൾക്കു സമയത്ത് എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. തങ്ങളിലർപ്പിക്കപ്പെട്ട ഉത്തരവാദിത്വം ഫലപ്രദമായി നിറവേറ്റുന്നതിൽ വീഴ്ച വരുത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും വിവാദങ്ങളുടെ പ്രഭവകേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഭരണം നേരെചൊവ്വേ നടത്തുന്നതിനു പകരം പൂക്കളത്തെച്ചൊല്ലിയും പ്രാർഥനയെയും വിളക്കു കത്തിക്കുന്നതിനെയും കുറിച്ചും അനാവശ്യ വിവാദങ്ങൾക്കു തിരികൊളുത്തി ഭരണപരാജയത്തിൽ നിന്നു ജനശ്രദ്ധ തിരിക്കാനാണു ശ്രമം. സംസ്‌ഥാന സർക്കാരിനെതിരെ യുഡിഎഫ് നാളെ നടത്തുന്ന സമരം വമ്പിച്ച വിജയമാക്കുന്നതിനു കോൺഗ്രസ് പ്രവർത്തകരോടും ജനങ്ങളോടും സുധീരൻ അഭ്യർഥിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.