ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർ നട്ടംതിരിയുന്നു
Monday, August 29, 2016 12:08 PM IST
കോട്ടയം: ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ സ്‌ഥിതി അതീവ ദയനീയമെന്നു റിപ്പോർട്ട്. വനത്തിനുള്ളിലാണു പല ഏക അധ്യാപക വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത്. ജീവൻ പണയം വച്ചു ജോലി ചെയ്യുന്ന ഇവർക്ക് അർഹതപ്പെട്ട പ്രതിഫലം പോലും ലഭിക്കാത്ത അവസ്‌ഥയാണ്.

പതിനായിരം രൂപ അലോട്ട്മെന്റ് ആയിട്ടും ആറു മാസമായി അയ്യായിരം രൂപ പോലും കിട്ടുന്നില്ലെന്നാണ് ഇവരുടെ പരാതി. ഉൾക്കാടുകളിൽ പോകുന്ന ടീച്ചർമാരിൽ ചിലർക്കു വന്യജീവികളുടെ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാൽ, പ്രതികൂല സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന ഇവരുടെ പ്രശ്നങ്ങൾ ആരും ഗൗരവമായി എടുക്കുന്നില്ല.

ഏക അധ്യാപക വിദ്യാലയത്തിലെ ടീച്ചർമാരുടെ പ്രശ്നങ്ങൾ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ടുവരാൻ ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മിഷൻ മുൻകൈയെടുക്കുമെന്നു സംഘടനയുടെ ചീഫ് നാഷണൽ വൈസ് ചെയർമാനും കേരള ചെയർപേഴ്സണുമായ വി.പി. റോണി പറഞ്ഞു. ഇദ്ദേഹത്തിന്റെ അധ്യക്ഷതയിൽ തൃശൂർ പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ എം.ജി.എൽ.സി അസോസിയേഷൻ സംസ്‌ഥാന ഭാരവാഹികൾ അവർ നേരിടുന്ന ദുരിതങ്ങൾ വിവരിച്ചു.


മതിയായ ശമ്പളം ലഭിക്കുന്നില്ല. ഉൾക്കാട്ടിലും മറ്റും ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ഇവർക്ക് ഇൻഷ്വറൻസ്, പ്രോവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി, വിരമിക്കൽ ആനുകൂല്യം തുടങ്ങി യാതൊന്നും കിട്ടുന്നില്ല. ഈ വിദ്യാലയങ്ങളിലൊന്നും ടീച്ചർമാർക്കു ടോയ്ലറ്റോ അനുബന്ധ സൗകര്യങ്ങളോ ഇല്ല. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാമെന്നു സംസ്‌ഥാന സർക്കാർ നൽകിയിരിക്കുന്ന ഉറപ്പിലാണ് ഇപ്പോൾ പ്രതീക്ഷ. സംസ്‌ഥാന–കേന്ദ്രസർക്കാരുടെ ശ്രദ്ധയിൽ വിഷയം സജീവമായി എത്തിക്കുമെന്നു വി.പി. റോണി അറിയിച്ചു.

യോഗത്തിൽ കമ്മീഷൻ അംഗം ജോബിഷ് തരണി, എംജിഎൽസി അസോസിയേഷൻ പ്രസിഡന്റ് ടി.കെ. വിജയകുമാരൻ, സെക്രട്ടറി ഇ.വി. ജോർജ് എന്നിവരും സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അമ്പതോളം പ്രതിനിധികളും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.