മാനുഷികമൂല്യങ്ങൾ സെമിനാരി പരിശീലനത്തിൽ പരമപ്രധാനം: സീറോ മലബാർ സിനഡ്
Monday, August 29, 2016 11:59 AM IST
കൊച്ചി: മനുഷ്യരെ സ്നേഹിക്കുകയും മാനവികതയ്ക്കു മുൻതൂക്കം നൽകുകയും ചെയ്യുന്ന വൈദികരെ രൂപപ്പെടുത്താൻ സെമിനാരികൾ ശ്രദ്ധിക്കണമെന്നു സീറോ മലബാർ സഭ സിനഡ് ആഹ്വാനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പയുടെ പാത പിന്തുടർന്നു സമൂഹത്തിന്റെ ചേരികളിലേക്ക് ഇറങ്ങിച്ചെല്ലുന്ന മാതൃക നൽകി പരിശീലനാർഥികളെ പ്രോത്സാഹിപ്പിക്കാൻ സെമിനാരി അധ്യാപകർ തയാറാവണം.

സാധാരണ മനുഷ്യരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കുന്ന ഹൃദയവും മനസുമുള്ള വൈദികരെ സഭയ്ക്കു നൽകാൻ സെമിനാരികൾക്കു കടമയുണ്ട്. പ്രതിസന്ധിയിലായ കർഷകരുടെ ജീവിതങ്ങളെ പിന്തുണയ്ക്കാൻ കൂട്ടായ പരിശ്രമം വേണം. കാരുണ്യവർഷത്തിൽ ഭവനരഹിതർക്കു ഭവനങ്ങൾ നിർമിച്ചുനൽകാൻ സഭയിലെങ്ങും കൂട്ടായ പരിശ്രമങ്ങൾ ഉണ്ടാകണം. കാലത്തിന്റെ സ്വരം ശ്രവിക്കാനും അവയോടു ക്രിയാത്മകമായി പ്രതികരിക്കാനും എല്ലാ സെമിനാരികളും പരിശീലനാർഥികളെ ഒരുക്കണം.


സഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള നാലു മേജർ സെമിനാരികൾ ഉൾപ്പടെ, 17 സെമിനാരികളാണു സീറോ മലബാർ സഭയ്ക്കുള്ളത്.

കൊടകരയിൽ സമാപിച്ച നാലാമതു മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലിയിലൂടെ വ്യത്യസ്ത മേഖലകളിൽ സേവനം ചെയ്യുന്നവരുടെ സഹായം സഭയുടെ നവീകരണത്തിലുണ്ടാകുമെന്നത് ആഹ്ലാദകരമാണെന്നും സിനഡ് വിലയിരുത്തി.

കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിലാണു സിനഡ് നടക്കുന്നത്. സിനഡ് സെപ്റ്റംബർ രണ്ടിനു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.