വിദേശ മത്സ്യബന്ധന ട്രോളറുകൾക്ക് അനുമതി നൽകുന്നതിനെതിരേ ഹർജി
Monday, August 29, 2016 11:59 AM IST
കൊച്ചി: ആഴക്കടൽ മത്സ്യബന്ധനത്തിനു വിദേശമത്സ്യബന്ധന ട്രോളറുകൾക്ക് അനുമതി നൽകുന്നതിനെതിരേ കൊല്ലം ഹാജി മൻസിലിൽ എം.കെ. സലിം ഹൈക്കോടതിയിൽ ഹർജി നൽകി.

വൻതുക കമ്മീഷൻ നൽകി ഇന്ത്യൻ മത്സ്യബന്ധനസംഘത്തിന്റെ പേരിൽ വിദേശട്രോളറുകൾ ആഴക്കടലിൽ എത്തുന്നതു പരമ്പരാഗത തൊഴിലാളികളെ ബാധിക്കുന്നുണ്ടെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യൻ സമുദ്ര സാമ്പത്തിക മേഖലയിൽ ഇന്ത്യൻ മത്സ്യബന്ധന സംഘങ്ങൾക്കാണു മീൻപിടിക്കാൻ അവകാശമുള്ളത്. സാങ്കേതികമേന്മയുള്ള വിദേശട്രോളറുകൾ ഇതിനായി വാങ്ങി ഉപയോഗിക്കാൻ കേന്ദ്ര ഫിഷറീസ് വകുപ്പിന്റെ അനുമതിയുമുണ്ട്. ആഴക്കടലിൽനിന്നു പിടിക്കുന്ന മീനുകൾ ശീതീകരിച്ചു കണ്ടെയ്നറുകളിലേക്കു മാറ്റാനും മറ്റും സൗകര്യമുള്ള ട്രോളറുകൾക്ക് അനുമതി നൽകിയതിന്റെ മറവിൽ വിദേശട്രോളറുകൾ ആഴക്കടലിൽ യഥേഷ്‌ടം മീൻപിടിക്കാൻ എത്തുന്നുണ്ടെന്നു ഹർജിക്കാരൻ ആരോപിക്കുന്നു.


രേഖകളിൽ ഇന്ത്യൻ സംഘത്തിന്റെ ഉടമസ്‌ഥതയിലാണ് ഇത്തരം ട്രോളറുകളെങ്കിലും ഇവർ ബിനാമി ഉടമസ്‌ഥർ മാത്രമാണെന്നു ഹർജിയിൽ പറയുന്നു. കേന്ദ്ര–സംസ്‌ഥാന സർക്കാരുകളെ എതിർകക്ഷികളാക്കി നൽകിയിട്ടുള്ള ഹർജി അടുത്തദിവസം ഹൈക്കോടതി പരിഗണിച്ചേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.