തെരുവുനായയുമായി നാട്ടുകാർ നഗരസഭാ യോഗത്തിൽ
തെരുവുനായയുമായി നാട്ടുകാർ നഗരസഭാ യോഗത്തിൽ
Monday, August 29, 2016 11:52 AM IST
പിറവം: തെരുവുനായ്ക്കൾക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നാട്ടുകാർ നായയുമായി നഗരസഭാ കൗൺസിൽ ഹാളിലെത്തി. ഇന്നലെ രാവിലെ പിറവം നഗരസഭാ കൗൺസിലർമാരുടെ യോഗം ചേർന്നുകൊണ്ടിരിക്കെയാണ് കളമ്പൂർ സ്വദേശികൾ തെരുവുനായയുമായി കൗൺസിൽ ഹാളിലെത്തിയത്.

നായയുടെ ജീവനാണോ മനുഷ്യജീവനാണോ വലുത് എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളുമായാണ് ഇവർ വന്നത്. തെരുവുനായ്ക്കൾ നിരവധി പേരെ ഉപദ്രവിച്ചിട്ടും നഗരസഭാ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചാണു നായയുമായി എത്തിയതെന്ന് ഇവർ പറഞ്ഞു.


തെരുവുനായ ശല്യം ഇല്ലായ്മ ചെയ്യുന്നതിനു നടപടി അടിയന്തരമായി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നിവേദനം നൽകിയ ശേഷമാണ് ഇവർ മടങ്ങിയത്.

പൗലോസ് കുഴിക്കാട്ടിൽ, പ്രദീപ് കണിയാംപറമ്പിൽ, പുരുഷൻ പരവൻപറമ്പിൽ എന്നിവരുടെ നേതൃത്വത്തിലാണ് നായയുമായി നാട്ടുകാർ കൗൺസിൽ ഹാളിലെത്തിയത്. മേഖലയിൽ തെരുവുനായ്ക്കളുടെ ആക്രമണം വർധിച്ച സാഹചര്യത്തിൽ കർശന നടപടി സ്വീകരിക്കാൻ നഗരസഭാ കൗൺസിൽ യോഗം തീരുമാനമെടുത്തിട്ടുണ്ടെന്നു ചെയർമാൻ സാബു കെ. ജേക്കബ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.