രാഷ്ട്രീയപാർട്ടികൾ 120 കോടി കൈക്കലാക്കിയെന്ന്
Monday, August 29, 2016 11:52 AM IST
കണ്ണൂർ: സംസ്‌ഥാനത്തെ പൊതുമരാമത്തു പ്രവൃത്തികൾ 23 അംഗീകൃത ഏജൻസികളെ ഏല്പിക്കാൻ തീരുമാനിച്ചതിന്റെ മറവിൽ ബിജെപിയടക്കം കേരളത്തിലെ ഭരണ–പ്രതിപക്ഷ പാർട്ടികൾ കൈക്കലാക്കിയത് 120 കോടി രൂപയെന്നു കേരള ഗവ.കോൺട്രാക്ടേഴ്സ് അസോ. സംസ്‌ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി ആരോപിച്ചു. ഇതിൽ ഒരു സൊസൈറ്റിക്ക് 977 കോടിയുടെ പ്രവൃത്തി നല്കിയതിന്റെ മറവിലാണ് 120 കോടി കൈപ്പറ്റിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കണ്ണൂരിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരിന്നു അദ്ദേഹം.

360 മെമ്പർമാർ മാത്രമുള്ള ഏജൻസിക്കാണ് 3,000 കോടി രൂപയുടെ പ്രവൃത്തി അനുവദിക്കുന്നത്. ഗവ.കോൺട്രാക്ടേഴ്സിനു നൽകുന്നതിനെക്കാൾ ഭീമമായ തുകയ്ക്കാണ് ഇവർക്കു ടെൻഡർ നല്കുന്നത്. സൊസൈറ്റി നടത്തുന്ന പ്രവൃത്തിയുടെ ഗുണനിലവാരം മനസിലാക്കാനും ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്താനും കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോടതിയുടെ അനുമതിയോടെ പ്രത്യേക കമ്മീഷനെ നിയോഗിക്കും. ഇക്കാര്യത്തിൽ കോടതിയിൽ കേസ് നടത്തുന്നതടക്കമുള്ള കാര്യങ്ങൾക്കായി 50 വൻകിട കരാറുകാരടങ്ങിയ പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്നും വർഗീസ് കണ്ണമ്പള്ളി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.