സിപിഎം ഓഫീസിൽ ബിഡിജെഎസ് നേതാവ് മരിച്ചനിലയിൽ
സിപിഎം ഓഫീസിൽ ബിഡിജെഎസ് നേതാവ് മരിച്ചനിലയിൽ
Monday, August 29, 2016 11:52 AM IST
പറവൂർ: സിപിഎം മൂത്തകുന്നം ലോക്കൽ കമ്മിറ്റി ഓഫീസിൽ ബി ഡിജെഎസ് നേതാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പറവൂർ നിയോജകമണ്ഡലം സെക്രട്ടറിയാ യ വാവക്കാട് മഠത്തുശേരി എം.സി. വേണു(49)വിനെയാണു മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകുന്നേരം ആറിനുശേഷം മൂത്തകുന്നത്തെ കളവമ്പാറ ബിൽഡിംഗ്സിന്റെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന സിപിഎം ലോക്ക ൽ കമ്മിറ്റി ഓഫീസിലാണു വേണുവിന്റെ മൃതദേഹം ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയത്. പാർട്ടി ഓഫീസിലെത്തിയ പ്രവർത്തകരാണു മൃതദേഹം ആദ്യം കണ്ടത്.

ദീർഘകാലം സിപിഎമ്മിന്റെ വടക്കേക്കരയിലെ സജീവപ്രവർത്തകനും ഭാരവാഹിയും ആയിരുന്ന എം.സി. വേണു നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പാണു ബിഡിജെഎസിൽ ചേർന്നത്. തനിക്കുനേരേ നിരന്തരമായ വധഭീക്ഷണി ഉണ്ടെന്നു പറഞ്ഞു വേണു നേരത്തെ ഉന്നതപോലീസ് അധികാരികൾക്കു പരാതി നൽകിയിരുന്നു.

എൻഡിഎയുടെ പറവൂർ നിയോജകമണ്ഡലം സ്‌ഥാനാർഥി ആയിരുന്ന എസ്എൻഡിപി യൂണിയൻ സെക്രട്ടറി ഹരിവിജയന്റെ തെര ഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു മുഖ്യചുമതല വഹിച്ചിരുന്നതു വേണുവായിരുന്നു.മരണവിവരമറിഞ്ഞു വടക്കേക്കര പോലീസ് എത്തി സിപിഎം ഓഫീസ് അടച്ചുപൂട്ടി. സിപിഎം ഓഫീസിനു മുന്നിൽ ആളുകൾ തടിച്ചുകൂടിയതോടെ കൂടുതൽ പോലീസും സ്‌ഥലത്തെത്തി.

വേണുവിന്റെ ദുരൂഹമരണത്തെ തുടർന്ന് എൻഡിഎയുടെ നേതൃത്വത്തിൽ ഇന്നു പറവൂർ നിയോജകമണ്ഡലത്തിൽ രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ ഹർത്താലിന് ആഹ്വാനം നൽകിയിട്ടുണ്ട്. വേണു വർഷങ്ങളായി വാടകവീട്ടിലായിരുന്നു താമസം. ഭാര്യ സുധ കെടാമംഗലം എസ്എൻ കോളേജിൽ താൽക്കാലിക ജീവനക്കാരിയാണ്. മക്കൾ: വിദ്യാർഥികളായ ശ്രീലക്ഷ്മി, അഭിജിത്ത്.


ഡിവൈഎഫ്ഐയുടെ ലോക്കൽ കമ്മിറ്റി ഭാരവാഹിത്വം മുതൽ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറി സ്‌ഥാനം വരെ വേണു വഹിച്ചിട്ടുണ്ട്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സിപിഎം സ്‌ഥാനാർഥിത്വം നൽകാത്തതിനെതിരേ വേണുവും സഹപ്രവർത്തകരും പ്രതിഷേധമുയർത്തിയിരുന്നു. ഇതിനെതിരേ വേണു സ്‌ഥാനാർഥിത്വം പ്രഖ്യാപിക്കുകയും പ്രവർത്തകർ ഫ്ളക്സ് ബോർഡുകൾ സ്‌ഥാപിക്കുകയും ചെയ്തിരുന്നു. ഇത് പത്രങ്ങളിൽ വാർത്തയായതോടെ സിപിഎം ജില്ലാ നേതൃത്വത്തിലെ പ്രധാനി പറവൂർ ഏരിയ കമ്മിറ്റി ഓഫീസിൽ എത്തി വേണുവുമായി അനുരഞ്ജന ചർച്ച നടത്തിയിരുന്നു. ഇതേതുടർന്ന് വടക്കേക്കര വാവക്കാട് വാർഡിൽ സ്‌ഥാനാർഥിയായ സിപിഎം ലോക്ക ൽ കമ്മിറ്റി സെക്രട്ടറി കെ.എം. അംബ്രോസിന്റെ തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതല എം.സി. വേണു ഏറ്റെടുത്തിരുന്നു. അംബ്രോസ് ജയിക്കുകയും വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റാവുകയും ചെയ്തു.

വേണുവിന്റെ ജീവനു ഭീക്ഷണി ഉണ്ടായിരുന്നതായും മരണം സംശയാസ്പദമാണെന്നും വടക്കേക്കര പഞ്ചായത്ത് പ്രതിപക്ഷ നേതാവും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ കെ.പി. ഗോപിനാഥ് ആരോപിച്ചു. വേണുവിന്റെ മരണം സംബന്ധിച്ച് ഉന്നതതല പോലീസ് അന്വേഷണം നടത്തണമെന്നും മൃതദേഹം പോലീസ് സർജനെകൊണ്ടു പോസ്റ്റുമോർട്ടം നടത്തിക്കണമെന്നും സിപിഎം പറവൂർ ഏരിയ കമ്മിറ്റി സെക്രട്ടറി ടി.ജി. അശോകൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.