വീടു കുത്തിത്തുറന്ന് 22 പവനും അര ലക്ഷം രൂപയും കവർന്നു
Monday, August 29, 2016 11:52 AM IST
പെരുമ്പാവൂർ: പെരുമ്പാവൂരിൽ വീടു കുത്തിത്തുറന്ന് 22 പവനും 48,000 രൂപയും കവർന്നു. കൊമ്പനാട് വെട്ടുവളവ് ഞറളക്കാട്ടിൽ രാജേഷ് കുര്യാക്കോസിന്റെ വീട്ടിലാണ് കവർച്ച നടന്നത്. കഴിഞ്ഞ ശനിയാഴ്ച രാജേഷും ഭാര്യ ബിൽജോയും മാതാവ് അന്നമ്മയും ചേർന്ന് പരുമല പള്ളിയിൽ തീർഥാടനത്തിനായി പോയ സമയത്തായിരുന്നു കവർച്ച. ശനിയാഴ്ച വൈകുന്നേരം വീട് പൂട്ടി പോയ ഇവർ ഞായറാഴ്ച രാത്രി 7.30ഓടെ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാകുന്നത്.

വീടിന്റെ മുൻഭാഗത്തെ വാതിൽ തകർത്താണ് മോഷ്‌ടാക്കൾ അകത്തു പ്രവേശിച്ചത്. ബെഡ്റൂമിന് സമീപമുള്ള മുറിയിൽ സൂക്ഷിച്ചിരുന്ന 22 പവനും രണ്ടു മേശകളിലായി സൂക്ഷിച്ചിരുന്ന 48,000 രൂപയുമാണ് നഷ്‌ടപ്പെട്ടത്. ഈ മേഖലയിൽ സമീപകാലത്ത് മോഷ്‌ടാക്കളുടെ ശല്യം വർധിച്ചിരിക്കുകയാണെന്ന് സമീപവാസികൾ പറഞ്ഞു. സമീപത്തുള്ള ആറ് വീടുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നിട്ടുണ്ട്. കുറുപ്പംപടി പോലീസിൽ പരാതി നല്കി. ഫിംഗർ പ്രിന്റ്, ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി. പോലീസ് അന്വേഷണം ഊർജിതമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.