മണിമലയാറ്റിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
Monday, August 29, 2016 11:45 AM IST
കറുകച്ചാൽ: മണിമലയാ റ്റിൽ വള്ളം മറിഞ്ഞ് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. നെടുംകുന്നം കുളങ്ങര പടിഞ്ഞാറേ വറവോലിക്കൽ മനോജിന്റെ(മനുകുമാർ) മകൻ എം.മിഥുൻകുമാറിന്റെ(കണ്ണൻ–17) മൃതദേഹമാണ് ചേറ്റാടിക്കടവിനു സമീപത്തുനിന്ന് ഇന്നലെ രാവിലെ 11.30ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് കണ്ടെത്തിയത്. മണിമലയാറ്റിലെ ആനിക്കാട് തൊട്ടിപ്പടിക്കു സമീപം ഞായറാഴ്ച രാത്രി എട്ടിന് വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്.

വേലൻമഹാസഭയുടെ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മിഥുൻ സമ്മേളനം കഴിഞ്ഞ് സുഹൃത്തുമൊത്ത് മറുകരയിലുള്ള ബന്ധുവിനു ഭക്ഷണം കൊടുത്ത് മടങ്ങിവരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഫൈബർ വള്ളം മറിഞ്ഞത്. സുഹൃത്ത് നീന്തി കരയ്ക്കെത്തി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും തിരുവല്ലയിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും മിഥുനെ കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഇന്നലെ രാവിലെ നടത്തിയ തെരച്ചിലിൽ അപകടം സംഭവിച്ച കടവിന് 50 അടി മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു കൊമേഴ്സ് വിഭാഗം വിദ്യാർഥിയാണ് മിഥുൻ.


സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിനു വീട്ടുവളപ്പിൽ. മാതാവ്: സന്ധ്യ. ഏകസഹോദരൻ: നിഥിൻ (നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂൾ പത്താംക്ലാസ് വിദ്യാർഥി).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.