സ്വാശ്രയ മെഡിക്കൽ പ്രവേശനം: സമവായത്തിനു സർക്കാർ ശ്രമം
സ്വാശ്രയ മെഡിക്കൽ പ്രവേശനം: സമവായത്തിനു സർക്കാർ ശ്രമം
Sunday, August 28, 2016 1:18 PM IST
<ആ>തോമസ് വർഗീസ്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ചു സർക്കാരുമായി കരാറിലെത്തുന്നതിൽ നിർണായകമാകുന്നതു മാനേജ്മെന്റുകളുടെ തീരുമാനം . 50 ശതമാനം സീറ്റ് സർക്കാരിനു വിട്ടുനല്കി പ്രവേശനം നടത്താനായിരുന്നു നേരത്തേ സ്വാശ്രയ മാനേജ്മെന്റുകളുടെ തീരുമാനം. എന്നാൽ, കേന്ദ്ര സർക്കാരിന്റെ നിർദേശങ്ങളുടെ അടിസ്‌ഥാനത്തിൽ മുഴുവൻ സീറ്റിലേക്കും സംസ്‌ഥാന പ്രവേശനപരീക്ഷാ കമ്മീഷണർ പ്രവേശനം നടത്തുമെന്ന ഉത്തരവ് കഴിഞ്ഞ 20നു സർക്കാർ ഇറക്കിയതോടൊണ് മെഡിക്കൽ പ്രവേശനം സംബന്ധിച്ചു പ്രതിസന്ധി രൂക്ഷമായത്.

ഇതേത്തുടർന്നു സ്വാശ്രയ മാനേജ്മെന്റുകൾ ഹൈക്കോടതിയെ സമീപിക്കുകയും മാനേജ്മെന്റ്, എൻആർഐ സീറ്റുകളിൽ പ്രവേശനം മുൻ വർഷങ്ങളിലേതു പോലെ നടത്താമെന്ന വിധി സമ്പാദിക്കുകയും ചെയ്തു. ഇതോടെ സർക്കാരിന്റെ നിലവിലുള്ള ഉത്തരവിനു പ്രാബല്യം ഇല്ലാതായി. ഇത്തരമൊരു സാഹചര്യത്തിൽ മാനേജ്മെന്റുകളുമായി സമവായം ഉണ്ടാക്കാനുളള നീക്കമാണു സർക്കാർ നടത്തുന്നത്. ഇന്നു നടക്കുന്ന ചർച്ചയിൽ പരമാവധി വിട്ടുവീഴ്ചകൾ ചെയ്യാനും സാധ്യത നിലനില്ക്കുന്നു.

ഈ വർഷം പ്രവേശനം നടത്തുമ്പോൾ മുൻ വർഷങ്ങളിലേതുപോലെ 50 ശതമാനം മെറിറ്റ് സീറ്റ് സർക്കാരിനു വിട്ടു നല്കുന്ന കാര്യത്തിൽ മാനേജ്മെന്റുകൾ വ്യക്‌തമായ നിലപാട് ഇതുവരെ കൈക്കൊണ്ടിട്ടില്ല. ഇന്നു നടക്കുന്ന ചർച്ചയിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടിന്റെ കൂടി അടിസ്‌ഥാനത്തിലാകും സീറ്റ് വിട്ടുനല്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയെന്നു മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ സൂചന നല്കി.

ഇന്നു രാവിലെ 11ന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിലാണു ചർച്ച. രാവിലെ പത്തിനു മാനേജ്മെന്റ് പ്രതിനിധികൾ പ്രത്യേകം യോഗം ചേരും. സ്വാശ്രയ മെഡിക്കൽ പ്രവേശനം സംബന്ധിച്ച് മാനേജ്മെന്റുകളുമായി നടത്തിയ ചർച്ചകളിൽ സർക്കാർ സ്വീകരിച്ച നിലപാടിൽ നിന്നു വിഭിന്നമായാണ് ഒടുവിൽ ഉത്തരവ് പുറപ്പെടുവിച്ചതെന്നു മാനേജ്മെന്റ് പരാതി പറയുന്നു. കോടതിവിധി മാനേജ്മെന്റുകൾക്കനുകൂലമായ പശ്ചാത്തലത്തിൽ മുൻ നിലപാടിൽ നിന്നു വ്യത്യസ്തമായി മുഴുവൻ സീറ്റുകളിലേക്കുമുള്ള പ്രവേശനം കോളജ് സ്വന്തമായി നടത്തണമെന്ന ആവശ്യവും ചില മാനേജ്മെന്റുകൾ ഉന്നയിച്ചിട്ടുണ്ട്.


മാനേജ്മെന്റിനെതിരേ മുമ്പു ശക്‌തമായ നിലപാട് സ്വീകരിച്ച സർക്കാർ ഇപ്പോൾ സമവായത്തിനുള്ള ശ്രമമാണു നടത്തുന്നത്. വിട്ടുവീഴ്ചകൾ ചെയ്താണെങ്കിലും സ്വാശ്രയ മെഡിക്കൽ, ഡെന്റൽ പ്രവേശനത്തിൽ ധാരണയിലെത്താനാണു സർക്കാരിന്റെ പുതിയ നീക്കം.

സംസ്‌ഥാനത്ത് ആകെയുള്ള 24 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ ക്രിസ്ത്യൻ മെഡിക്കൽ മാനേജ്മെന്റിന്റെ കീഴിലുള്ള നാലു മെഡിക്കൽ കോളജുകളുമായാണ് കരാർ ഒപ്പുവച്ചിട്ടുള്ളത്. ഇതനുസരിച്ച് ഈ കോളജുകളിൽ ഏകീകൃത ഫീസായ 4.4 ലക്ഷം രൂപയാണ് വാങ്ങുന്നത്. കരാർ ആയതോടെ ഇവിടെയുള്ള 200 മെറിറ്റ് സീറ്റുകളിൽ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ലിസ്റ്റിൽ നിന്നു പ്രവേശനം നടത്താൻ സാധിക്കും. പരിയാരം സഹകരണ മെഡിക്കൽ കോളജിലെ മുഴുവൻ സീറ്റിലും സർക്കാരിനു പ്രവേശനം നടത്താം.

ബാക്കിയുള്ള 19 സ്വാശ്രയ മെഡിക്കൽ കോളജുകളുമായാണ് സർക്കാരിന് ഇനി ധാരണയിൽ എത്താനുള്ളത്. ഇവിടെ പ്രധാനമായും തീരുമാനമാകേണ്ടത് ഫീസ് ഘടന സംബന്ധിച്ചാണ്. സ്വാശ്രയ ഡെന്റൽ കോളജുകളുമായി ആദ്യം ഏകീകൃത ഫീസ് തീരുമാനിക്കുകയും പിന്നീട് ആ തീരുമാനം സർക്കാർ വേണ്ടെന്നു വയ്ക്കുകയും ചെയ്തിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇന്ന് ഏകീകൃത ഫീസ് എന്നതിലേക്ക് ചർച്ച ഉണ്ടാവുമോ എന്നതിലും അനിശ്ചിതത്വം നിലനില്ക്കുന്നു.

19 സ്വാശ്രയ മെഡിക്കൽ കോളജുകളിൽ മൂന്നെണ്ണം കഴിഞ്ഞ വർഷങ്ങളിൽ സർക്കാരുമായി കരാർ ഒപ്പിടാതെ സ്വന്തം നിലയ്ക്ക് പ്രവേശനം നടത്തിയ സാഹചര്യം നിലനില്ക്കുന്നു. സ്വാശ്രയ മെഡിക്കൽ കോളജുകളുമായി കരാർ ഒപ്പുവച്ചാൽ 900ൽ അധികം മെറിറ്റ് സീറ്റുകളിൽ സർക്കാരിനു പ്രവേശനം നടത്താനാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.